ന്യൂഡല്‍ഹി : ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയേക്കും. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി ആഭ്യന്തരമന്ത്രാലയം നീക്കം തുടങ്ങി. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് വിധി പ്രസ്താവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര് മഹാദേവന് എന്നിവരടങ്ങിയ അതേ ബെഞ്ചിന് മുമ്പാകെ പുനഃപരിശോധനാ ഹര്‍ജി നല്‍കാനാണ് നീക്കം.
ഇത്തരമൊരു സമയപരിധി ഭരണഘടനയില്‍ പോലും നിഷ്കര്‍ഷിച്ചിട്ടില്ലെന്ന വാദം ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ ആലോചന. ഭരണഘടനയില്‍ പോലും നിഷ്കര്‍ഷിച്ചിട്ടില്ലാത്ത ഒരു കാര്യം എങ്ങനെ വിധിന്യായത്തില്‍ എഴുതിചേര്ക്കാന് കഴിയും?ഭരണഘടനയില്‍ ഭേദഗതി കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണ്. പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് വിധിന്യായം എന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചു വെക്കുകയും പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിയുടെ നടപടി ഭരണഘടന വിരുദ്ധമാണൈന്നുള്ള വിധിയിലാണ് സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതിയുടേതടക്കം സമയപരിധിയില്‍ എങ്ങനെ കടന്നുകയറി ഒരു കോടതിക്ക് വിധി പുറപ്പെടുവിക്കാനാകുമെന്ന ചോദ്യവും വാദത്തിനിടെ കേന്ദ്രം ഉയര്‍ത്തിയേക്കുമെന്നാണ് വിവരം.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണ്. ബില്ലുകളിന്മേല് തീരുമാനമെടുക്കുന്നതിന് പല കാര്യങ്ങളും പരിഗണിക്കേണ്ടതായി വരും. അപ്പോള്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതായി വരും. സംസ്ഥാനങ്ങളിലെ സാഹചര്യം പോലും പരിഗണനാ വിഷയമാക്കാതെയാണ് സുപ്രീംകോടതി അത്തരത്തിലുള്ള ഒരു നിലപാടില്‍ എത്തിച്ചേര്‍ന്നത് എന്ന വാദവും കേന്ദ്രം ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭരണഘടന അനുസരിച്ച്, ബില്‍ തിരികെ അയച്ചുകഴിഞ്ഞാല്‍, അല്ലെങ്കില്‍ രാഷ്ട്രപതി തടഞ്ഞുവച്ചാല്‍, പിന്നീട് ബില്ല് കാലഹരണപ്പെടും. നിയമസഭ ആഗ്രഹിക്കുന്നതുപോലെ, ഭേദഗതികളോടെ പാസാക്കുന്നതിനായി അത് നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കേണ്ടതുണ്ട്. സുപ്രീംകോടതിയുടെ വിധിന്യായം ഈ വസ്തുത പരിഗണിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതാദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്ക് കോടതി സമയ പരിധി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. എന്നാല്‍ സമയപരിധിയെക്കുറിച്ച് പറയുന്നില്ല. കൃത്യമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര് മഹാദേവന് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.