ന്യൂഡല്‍ഹി : ഓണ്‍ലൈനില്‍ ഉപയോക്താക്കളെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും സേവനങ്ങളും ഉല്പന്നങ്ങളും വില്‍ക്കുന്ന ‘ഡാര്‍ക് പാറ്റേണുകള്‍’ വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അന്തിമ വിജ്ഞാപനം. ചട്ടം ലംഘിക്കുന്ന പ്ലാറ്റ്ഫോമുകളില്‍നിന്ന് 2019ലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ഈടാക്കിയേക്കും.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് തുക ചേര്‍ക്കുന്നത്, ഒടിടി പ്ലാറ്റ്ഫോമിലെ സൗജന്യ ട്രയല്‍ ഉപയോഗിക്കാന്‍ പേയ്മെന്റ് വിവരങ്ങള്‍ (ഓട്ടോഡെബിറ്റ്) എന്നിങ്ങനെ ആളുകളെ കബളിപ്പിച്ച് നടത്തുന്ന വില്പനയും സേവനങ്ങള്‍ക്കുമാണ് പൂട്ട്വിണിരിക്കുന്നത്. നവംബര്‍ 30 മുതല്‍ ഇത്തരവ് പ്രാബല്യമുണ്ട്.
ആധാര്‍ കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അനാവശ്യമായി ശേഖരിക്കുക, നിശ്ചിത ആപ്, ന്യൂസ്ലെറ്റര് എന്നിവയെടുത്താല്‍ മാത്രമേ സേവനം ലഭിക്കൂവെന്നുള്ള നിബന്ധനകള്‍, ഒടിടിയില്‍ ഉള്‍പ്പെടെ സൗജന്യ ട്രയല്‍ കാലാവധി തീര്‍ന്ന് പെയ്ഡ് സേവനത്തിലേക്കു മാറുമ്പോള്‍ ഉപയോക്താവിനെ അറിയിക്കാതെ പണം ഈടാക്കുക, സിനിമ ബുക്ക് ചെയ്യുമ്പോള്‍ ചാരിറ്റി എന്ന പേരില്‍ തുക ഉള്‍പ്പെടുത്തുക, ആവശ്യപ്പെടാത്ത സേവനങ്ങളും ഉല്പന്നങ്ങളും ഓണ്‍ലൈന്‍ ‘കാര്‍ട്ടി’ല്‍ ചേര്‍ക്കുക. പോപ് അപ് വിന്‍ഡോകളിലെ ക്ലോസ് ബട്ടണില്‍ ക്ലിക് ചെയ്യുമ്പോള്‍ ക്ലോസ് ആകുന്നതിനു പകരം പുതിയ പരസ്യം കാണിക്കുക. തുടങ്ങിയവയെല്ലാം ഡാര്‍ക്ക് പാറ്റേണുകളാണ്