രാജ്യത്ത് സവാളയ്ക്ക് വില കുത്തനെ ഇടിഞ്ഞിട്ടും കയറ്റുമതി നിരോധനം നീട്ടിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ കർഷകർക്ക് കടുത്ത അമർഷം. കഴിഞ്ഞ ഡിസംബർ എട്ടിനാണ് കേന്ദ്രസർക്കാർ സവാള കയറ്റുമതി നിരോധിച്ചത്. ഈ മാസം 31 വരെയായിരുന്നു വിലക്ക്. എന്നാൽ നിരോധനം നീട്ടുന്നതായി കേന്ദ്രസർക്കാർ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേയാണ് കേന്ദ്രത്തിന്റെ നടപടി.
സവാളയ്ക്കായി ഇന്ത്യയെ പ്രധാനമായും ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് തിരിച്ചടിയാണ് ഈ നിരോധനം. ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നാണ് സവാള ഇറക്കുമതി ചെയ്യുന്നത്. ഈ രാജ്യങ്ങൾ ഇനി ചൈന, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. ഇന്ത്യയിൽ നിന്ന് എളുപ്പം സവാള എത്തിക്കാമെന്നതും താരതമ്യേന ഭേദപ്പെട്ട വിലയാണെന്നതും ഈ രാജ്യങ്ങൾക്ക് നേട്ടമായിരുന്നു. മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോൾ ദൂരം കൂടുതലാണെന്നതിനാൽ ചരക്കുനീക്കച്ചെലവും ആനുപാതികമായി കൂടും.
മഹാരാഷ്ട്രയിൽ സവാളയുടെ മൊത്തവില 1,200 രൂപയിലേക്കും ചില്ലറവില 20 രൂപയ്ക്ക് താഴേക്കും ഇടിഞ്ഞിട്ടുണ്ട്. എന്നിട്ടും കേന്ദ്രം കയറ്റുമതി വിലക്ക് നീട്ടിയതാണ് കർഷകരെ ചൊടിപ്പിക്കുന്നത്. വിളവെടുപ്പ് കാലത്ത് കയറ്റുമതി നിരോധനം തുടരുന്നത് വില കൂടുതൽ ഇടിയാൻ ഇടയാക്കും. ഇത് കർഷകർക്ക് വൻ തിരിച്ചടിയാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും സുഹൃദ് രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ ഇളവുകളോടെ കയറ്റുമതി അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്സ് വഴി 3,600 മെട്രിക് ടൺ വീതം സവാള കയറ്റുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.