ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അനുമതി നൽകിയാലും കേന്ദ്ര സർക്കാരിന് തിയറ്ററുകളില്‍ നിന്നും സിനിമ പിൻവലിക്കാം. എ, എസ് സർട്ടിഫിക്കറ്റുള്ള സിനിമകൾ ടെലിവിഷനിലോ മറ്റു മാധ്യമങ്ങളിലോ പ്രദർശിപ്പിക്കണമെങ്കിലും കേന്ദ്രത്തിന്റെ പ്രത്യേക അനുമതി വേണ്ടിവരും.കേന്ദ്ര സർക്കാരിന് സിനിമയിൽ കത്തിവയ്ക്കാൻ അനുമതി നൽകുന്ന പുതിയ സിനിമറ്റോഗ്രാഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി.
ഭേദഗതി നിലവില്‍ വരുന്നതോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കിയ ചലച്ചിത്രങ്ങള്‍ തിയറ്ററുകളില്‍ നിന്നു പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകും. സിനിമയുടെ വ്യാജ പതിപ്പ് നിർമിക്കുന്നവർക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നുവർഷം വരെ തടവാണ് പുതിയ നിയമത്തിൽ പറയുന്നത്. കൂടാതെ നിര്‍മാണ ചെലവിന്റെ അഞ്ച് ശതമാനം പിഴയും നല്‍കണം. വ്യാഴാഴ്ച രാജ്യസഭ പാസാക്കിയ ബില്ലിന് ഇന്ന് ലോക്സഭ അംഗീകാരം നല്കി. ടെലിവിഷനിലും ഒടിടി പ്രദര്‍ശനത്തിനുമായി പ്രത്യേകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
പ്രായത്തിനനസുരിച്ച് സിനിമകൾക്ക് നൽകിവന്നിരുന്ന സർട്ടിഫിക്കറ്റുകളിലും മാറ്റമുണ്ട്. ‘എ’ സർട്ടിഫിക്കേഷനുള്ള ചിത്രം പ്രായപൂർത്തിയായവർക്കുമാത്രം എന്നത് തുടരും. ‘യുഎ’ സർട്ടിഫിക്കറ്റ് പ്രായമനുസരിച്ച് മൂന്നു വിഭാഗമാക്കി. ഏഴു വയസിനു മുകളിലുള്ളവർ, 13 വയസിനു മുകളിലുള്ളവർ, 16 വയസിനു മുകളിലുള്ളവർ എന്നിങ്ങനെയാണ് പുതിയ വിഭജനം. ഈ വിഭാഗക്കാർക്ക് രക്ഷിതാക്കളുടെ മാർഗനിർദേശത്തോടെ മാത്രമേ ചിത്രങ്ങൾ കാണാൻ അനുവാദമുള്ളൂ.