ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ജയിൽ മോചിതരായിട്ടും ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇത് സംബന്ധിച്ച് മുരുകന്റെ ഭാര്യ നളിനി നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ തീരുമാനമറിയിച്ചത്.
കേസിൽ ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച, മുരുകന്റെ ഭാര്യ നളിനിയും ജയിൽ മോചിതയായിരുന്നു. പിന്നാലെ ഇവർ വെല്ലൂരിലെ വീട്ടിലേക്കാണ് പോയത്. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ശ്രീലങ്കൻ പൗരന്മാരായതിനാൽ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി. മുരുകനെ മോചിപ്പിക്കണമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നളിനി കോടതിയെ സമീപിച്ചത്. നാല് പേരും ശ്രീലങ്കയിലേക്ക് മടങ്ങുന്നതിൽ എതിർപ്പില്ല എന്നാണ് കേന്ദ്ര വിദേശമന്ത്രാലയം കോടതിയെ അറിയിച്ചത്. ശ്രീലങ്കയാണ് ഇവർക്ക് പാസ്പോർട്ടുകൾ അനുവദിക്കേണ്ടത്. രേഖകൾ അനുവദിക്കുന്നതിൽ ശ്രീലങ്കയുടെ കാലതാമസം മൂലമാണ് ഇവർ ക്യാമ്പിൽ തുടരുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.