ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പിൽ വനിതാ ഗുസ്തിതാരങ്ങളുടെ സമരം താൽക്കാലികമായി പിൻവലിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമായത്.
ഈ മാസം 15 ന് മുൻപ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്ന കായിക മന്ത്രിയുടെ ഉറപ്പിലാണ് നടപടി. ജൂൺ 15 ന് കേസിന്റെ തൽസ്ഥിതി വിവരം താരങ്ങളെ അറിയിക്കും. ഈ മാസം 30 ന് മുൻപ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടത്തും. നടപടി ഉണ്ടായില്ലെങ്കിൽ സമരം തുടരുമെന്ന് കായിക മന്ത്രിയെ ഗുസ്തി താരങ്ങളും അറിയിച്ചു. പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടതായി യോഗത്തിൽ പങ്കെടുത്ത സാക്ഷി മാലിക് പറഞ്ഞു. ഗുസ്തിതാരങ്ങൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കുമെന്നും സർക്കാർ ഉറപ്പ് നൽകി.
ജൂൺ 15ന് മുമ്പ് പോലീസ് അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. ഗുസ്തിക്കാർക്കെതിരായ എല്ലാ എഫ്ഐആറുകളും പിൻവലിക്കണമെന്ന് അഭ്യർഥിക്കുകയും മന്ത്രി അത് സമ്മതിക്കുകയും ചെയ്തു. ജൂൺ 15നകം നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ബജ്റംഗ് പുനിയ കായിക മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിച്ചു.