ലക്നൗ : ഷോപ്പിങ് മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തില്‍ മരിച്ച ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവര്‍ക്ക് ഏകദേശം 35 വയസ്സ് പ്രായമുണ്ടെന്നും തൊട്ടടുത്ത ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ പ്രദേശത്തെ താമസക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ മാളിന്റെ താഴത്തെ നിലയില്‍ തകര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങള്‍ കാണാം. അഞ്ചാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ വീണതിനെ തുടര്‍ന്ന് ബ്ലൂ സഫയര്‍ മാളില്‍ രണ്ട് പേര് മരിച്ചതായി യാഥര്‍ത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. മരിച്ചത് ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡിസിപി (സെന്‍ട്രല്‍ നോയിഡ) ഹൃദേഷ് കതേരിയ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് അറിയിച്ചു.