ധരംശാല : ലോകമാമാങ്കങ്ങളിൽ കിവികളോട് തോൽവി ഏറ്റുവാങ്ങുന്ന പഴിതീർത്ത് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിച്ച മറ്റൊരു കിടിലൻ ചേസിങ്ങിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിനു തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്. കളിച്ച അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട. സെഞ്ച്വറിക്കു തൊട്ടരികെ വീണ വിരാട് കോഹ്ലി വീണ്ടും ഇന്ത്യയെ വിജയതീരത്തേക്കു മുന്നില്നിന്നു നയിക്കുന്ന മനോഹരകാഴ്ചയായിരുന്നു മഞ്ഞിലലിഞ്ഞ ധരംശാല രാത്രിയിൽ കണ്ടത്.
ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 എന്ന വിജയലക്ഷ്യം 12 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പനടികളുമായി നായകൻ രോഹിത് ശർമ നൽകിയ തുടക്കം കൃത്യമായി മുതലെടുത്ത് ടീം വിശ്വസിച്ചേല്പിച്ച ദൗത്യം ഒരിക്കൽകൂടി പൂർത്തിയാക്കി വിരാട് കോഹ്ലി. 104 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും രണ്ടു സിക്സറും സഹിതമാണ് കോഹ്ലി 95 റൺസെടുത്തു പുറത്തായത്.
മറുപടി ബാറ്റിങ്ങിൽ ഗില്ലിനെ കാഴ്ചക്കാരനാക്കി രോഹിത് അഴിഞ്ഞാടുകയായിരുന്നു ധരംശാലയിൽ. തുടരെ സിക്സറുകളും ബൗണ്ടറികളും പറത്തി കിവി പേസർമാരെ വശംകെടുത്തി ഇന്ത്യൻ നായകൻ. എന്നാൽ, അർധസെഞ്ച്വറിക്കു തൊട്ടരികെ രോഹിത് വീണു. ലോക്കി ഫെർഗൂസനാണ് ന്യൂസിലൻഡിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ 40 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 46 റൺസെടുത്തിരുന്നു രോഹിത്. തൊട്ടടുത്ത ഓവറിൽ ശുഭ്മൻ ഗില്ലിനെ(26) കൂടി വീഴ്ത്തി ഫെർഗൂസൻ കിവികൾക്കു പ്രതീക്ഷ നൽകി.
എന്നാൽ, അവിടെനിന്നായിരുന്നു കിങ് കോഹ്ലിയുടെ തുടക്കം. ചേസിങ് എന്നു കേട്ടാൽ എല്ലാം മറന്നു പോരാടുന്ന വിരാടിന്റെ തനിരൂപം ഒരിക്കൽകൂടി ഈ ലോകകപ്പിൽ കണ്ടു. ബംഗ്ലാദേശിനെതിരെയും അഫ്ഗാനിസ്താനെതിരെയും കണ്ട അതേ ചേസിങ് പോരാട്ടവീര്യം ഒരിക്കൽകൂടി ഇന്ത്യയെ കരക്കടുപ്പിച്ചു. ഓപണർമാർ പോയ ശേഷം മറുവശത്ത് ശ്രേയസ് അയ്യരെയും(33) കെ.എൽ രാഹുലിനെയും(27) രവീന്ദ്ര ജഡേജയെയും(39) കൂട്ടുപിടിച്ചായിരുന്നു കോഹ്ലി ഇന്ത്യയെ ഇടറിവീഴാതെ മറ്റൊരു വിജയത്തിലേക്കു നയിച്ചത്. ഒടുവിൽ സെഞ്ച്വറിക്ക് വെറും നാല് റൺസകലെ സിക്സർ പറത്തി ഫിനിഷ് ചെയ്യാനുള്ള ശ്രമം പാളി. മാറ്റ് ഹെൺറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സ് പിടിച്ചുപുറത്താകുമ്പോൾ ജയിക്കാൻ വെറും അഞ്ചു റൺസായിരുന്ന ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്.