ഡല്‍ഹി: മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത കേസ് സി.ബി.ഐക്ക് കൈമാറുന്നു. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.യുവതികളെ നഗ്നരാക്കി നടത്തിയ കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തു നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. ആസാം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേസ് മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇതിനിടെ, സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന ദൃശ്യം റെക്കോഡ് ചെയ്ത വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതിനിടെ മണിപ്പൂരിൽ കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. ഇന്റലിജൻസ് ബ്യൂറോ മുൻ അഡീഷനൽ ഡയറക്ടര്‍ അക്ഷയ് മിശ്രയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്. മണിപ്പൂരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇരുവിഭാഗത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. സംസ്ഥാനത്തെ അക്രമങ്ങൾ ഉടനടി അവസാനിപ്പിക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേക ഭരണത്തിനുള്ള കുകി ആവശ്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.