ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അപകടസ്ഥലത്തെത്തും. അപകടത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്ന കേന്ദ്ര റെയില്‍വേമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിബിഐ സംഘമെത്തുന്നത്. ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടാകാതെ മെയിന്‍ ലൈനില്‍ സജീവമാക്കിയ റൂട്ട് ലൂപ് ലൈനിലേക്ക് മാറ്റില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
റിലേ റൂമില്‍ അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സിബിഐ അന്വേഷിക്കും. സ്റ്റേഷന് മാസ്റ്റര്‍ക്കും മെയിന്റനന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഒന്നിച്ചു മാത്രമേ റിലേ റൂം തുറക്കാന്‍ അനുവാദമുള്ളൂ. അപകടം അന്വേഷിക്കുന്ന റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ശൈലേഷ് കുമാര്‍ പഥക്ക് ഇന്നലെ സ്റ്റേഷന് മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഇന്നലെ ബഹനാഗ സ്റ്റേഷനിലെ ട്രാക്കുകള്‍, ഇന്റര്‍ലോക്കിങ് സംവിധാനങ്ങള്‍, റിലേ റൂമുകള്‍ തുടങ്ങിയവയും പരിശോധിച്ചു. പാളത്തില്‍ നാലു മില്ലിമീറ്റര്‍ വിടവ് ഉണ്ടായിരുന്നതായും അതുകൊണ്ടാണ് പ്രധാന ലൈനില്‍ പോയിന്റ് സെറ്റാകാതിരുന്നതെന്നുമുള്ള ആരോപണവും പരിശോധിച്ചു. അശ്രദ്ധ മൂലമുള്ള മരണം, ജീവന് അപകടത്തിലാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയ റെയില്‍വേ ഉദ്യോഗസ്ഥ സംഘം റിപ്പോര്‍ട്ടില്‍ അഞ്ചു സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് സമീപത്തെ ഒരു ലെവല്‍ക്രോസിങ്ങില്‍ സിഗ്നല്‍ തകരാര്‍ ഉണ്ടായിരുന്നു. അതു നന്നാക്കാനുള്ള തിരക്കില്‍ ഉദ്യോഗസ്ഥര്‍ ഇവിടുത്തെ നടപടികള്‍ മറികടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.