ന്യൂഡല്‍ഹി : മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നീറ്റ് ക്രമക്കേടില്‍ അന്വേഷണം സിബിഐക്ക് വിട്ടതായി കേന്ദ്രം പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അജ്ഞാതരായ ആളുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കേസില്‍ അന്വേഷണം ഝാര്‍ഖണ്ഡിലേക്ക് കൂടി നീട്ടിയിട്ടുണ്ട്. അതിനിടെ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണം ഝാർഖണ്ഡിലേക്ക് കൂടി ബിഹാർ പൊലീസ് വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം ക്രമക്കേടുമായി ബന്ധപ്പെട്ട് ആറുപേരെ ഝാര്‍ഖണ്ഡില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ നീറ്റ് ക്രമക്കേടില്‍ മഹാരാഷ്ട്രയില്‍ രണ്ടു അധ്യാപകര്‍ കൂടി അറസ്റ്റിലായി. ലാത്തൂരില്‍ സ്വകാര്യ കോച്ചിങ് സെന്റര്‍ നടത്തി വരികയായിരുന്ന ഇവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.നീറ്റ് പരീക്ഷയില്‍ 24 ലക്ഷം കുട്ടികളാണ് പങ്കെടുത്തത്.