
ന്യൂഡൽഹി : കരൂർ ദുരന്തത്തിൽ നടനും ടിവികെ മേധാവിയുമായ വിജയ്ക്ക് സിബിഐ സമൻസ്. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുമായി ടിവികെ സഖ്യസാധ്യതാ ചർച്ചകൾ നടത്തുന്നതിനിടെയാണ് സിബിഐ നീക്കം.
2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ തിക്കുംതിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ പലരുടെയും ചോദ്യം ചെയ്യൽ 10 മണിക്കൂർ വരെ നീണ്ടിരുന്നു.