തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ജെസ്ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ജെസ്ന മരിച്ചതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്നയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സിബിഐ റിപ്പോര്‍ട്ട്.
ജെസ്നയെ സംബന്ധിച്ച ഒരു തെളിവും കണ്ടെത്താനായിട്ടില്ല. ജെസ്നയെ മതപരിവര്‍ത്തനത്തിന് വിധേയയാക്കിയിട്ടില്ല. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മതപരിവര്‍ത്തനകേന്ദ്രങ്ങളിലും അന്വേഷിച്ചിരുന്നു. കേരളത്തില്‍ പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു തെളിവും കണ്ടെത്താനായില്ല. തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘടനകൾക്ക് പങ്കില്ല.
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിലും ജെസ്നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചില്ല. ജസ്നയുടെ തിരോധാനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അജ്ഞാത മൃതദേഹങ്ങളില്‍ ഏതാണ്ട് മിക്കവയും പരിശോധിച്ചു. കേരളത്തിലെ സൂയിസൈഡ് പോയിന്റുകളിലും അന്വേഷണം നടത്തിയിരുന്നു. കേരളത്തിൽ ആത്മഹത്യ നടക്കാറുള്ള എല്ലാ മേഖലകളിലും അന്വേഷിച്ചു. തിരോധാനക്കേസിൽ ഗോൾഡൻ അവർ ആയ ആദ്യ 48 മണിക്കൂർ പൊലീസ് പാഴാക്കിയെന്നും സിബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ജസ്ന മരിച്ചതിനും ഒരു തെളിവും ലഭിച്ചിട്ടില്ല. കോവിഡ് സമയമായതോടെ, ജസ്ന കോവിഡ് വാക്സിന് എടുത്തതിന്റെയോ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെയോ തെളിവ് ലഭിച്ചിട്ടില്ല. പിതാവിനെയും സഹൃത്തിനെയും ബ്രെയിന്‍ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അവര്‍ നല്കിയ മൊഴിയെല്ലാം ശരിയാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.
ജസ്നയെ കണ്ടെത്താനായി ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാത്രമേ ഇനി ജസ്ന തിരോധാനത്തില്‍ അന്വേഷണത്തിന് സാധ്യതയുള്ളൂ എന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.