ന്യൂഡല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിച്ചതിലെ നിയമലംഘനത്തില്‍ ന്യൂസ് ക്ലിക്കിനെതിരെ സിബിഐ കേസ് എടുത്തു. ന്യൂസ് ക്ലിക്ക് ചീഫ് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളിലുമാണ് സിബിഐ സംഘം പരിശോധന നടത്തിയത്. പ്രബീര്‍ പുര്‍കായസ്തയെയും എച്ച്ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി കോടതി 10 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് സിബിഐ അന്വേഷണം.
സിബിഐയുടെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് പരിശോധന നടത്തുന്നത്. ഒക്ടോബര്‍ മൂന്നിന് പ്രബീര്‍ പുര്‍കായസ്തയെയും അമിത് ചക്രവര്‍ത്തിയെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകുയും ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ചൈനിസ് ഫണ്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്നതും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് പ്രസിദ്ധികരിച്ചതായും എഫ്ഐആറില്‍ പറയുന്നു. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ പുര്‍കായസ്ത ഗൂഢാലോചന നടത്തിയതായും എഫ്ഐആറില്‍ ഉണ്ട്.ചൈനീസ് സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘം ന്യൂസ് ക്ലിക്കിനു പണം നല്‍കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയ്ക്കു പിന്നാലെയാണ് ഓഗസ്റ്റ് 17ന് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ കേസ് എടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറില്‍ ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫിസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു.