കൊച്ചി : യാക്കോബായ സഭ നിയുക്ത കാതോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25 ന് നടക്കും. ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ വാഴിക്കല്‍ ചടങ്ങ് ബെയ്റൂട്ടില്‍ വെച്ചാണ് നടക്കുക. സഭാ ആസ്ഥാനത്തെ ചടങ്ങില്‍ പാത്രിയാര്‍ക്കീസ് ബാവ മുഖ്യ കാര്‍മികനാകും.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്ക ബാവയായി തെരഞ്ഞെടുത്തത്. നിലവിൽ മലങ്കര മെത്രാപ്പൊലീത്തയായിരുന്നു. പള്ളിത്തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയ ചർച്ചയായിരിക്കുന്ന വേളയിലാണ് ജോസഫ് മാർ ഗ്രിഗോറിയോസ് സഭയുടെ നാഥനാകാനൊരുങ്ങുന്നത്.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് – സാറാമ്മ ദമ്പതികളുടെ ഇളയ മകനായി മോർ ഗ്രിഗോറിയോസ് 1960 നവംബർ 10നാണ് ജനിച്ചത്. 1984 മാർച്ച് 25ന് വൈദികനായി. 1994 ജനുവരി 16 ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019ലാണ് സഭയുടെ മെത്രാപ്പോലിത്തൻ ട്രസ്റ്റിയായത്.