കോണ്‍ഗ്രസിലെ ‘കാസ്റ്റിംഗ് കൗച്ച്’ നെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയും, പിഎസ് സി മുന്‍അംഗവുമായ സിമി റോസ്ബെല്‍ ജോണിനെ വിശദീകരണം പോലും ചോദിക്കാതെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ നടപടി പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധമുയര്‍ത്തുന്നു. സാധാരണഗതിയില്‍ ആരോപണമുന്നയിക്കുന്നയാളുകള്ക്ക് കാരണം കാണിക്കാല്‍ നോട്ടീസ് നല്‍കുകയും അതിനുള്ള മറുപടി തൃപ്തികരമല്ലങ്കില്‍ സസ്പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ സിമി റോസ്ബെല്‍ ജോണ്‍ ആരോപണുമന്നയിച്ച പിറ്റേ ദിവസം തന്നെ കാരണം കാണിക്കല്‍ നോട്ടീസുനല്കാതെ അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരവും നല്‍കാതെ പുറത്താക്കുകയാണ് ചെയ്തത്. സീനിയര്‍ നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ക്കൊക്കെ ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന.
കോണ്‍ഗ്രസിലെ ഏറ്റവും സീനിയറായ വനിതാ നേതാക്കളില്‍ ഒരാളാണ് സിമി റോസ്ബെല്‍ ജോണ്‍.1990 ല്‍ 21 വയസുള്ളപ്പോള്‍ ജില്ലാ കൗണ്‍സിലിലേക്ക് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും, പിന്നീട് കെസി വേണുഗോപാല്‍ അധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഏക വനിതാ ജനറല്‍ സെക്രട്ടറിയായി പത്തുവര്‍ഷം പ്രവര്‍ത്തിക്കുകയും പിന്നീട് യൂത്ത് കോണ്‍ഗ്രസ് മഹിളാ കോണ്‍ഗ്രസ് എന്നിവയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാവുകയും ചെയ്ത നേതാവാണ് സിമി റോസ്ബെല്‍ ജോണ്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് അവരെ പിഎസ് സി അംഗമാക്കിയത്. എന്നാല്‍ ഈ നേതാക്കളുടെ കാലംകഴിയുകയും വിഡി സതീശന് ഹൈബി ഈഡന് എന്നിവര്‍ പാര്‍ട്ടിയിലെ പ്രമുഖരാവുകയുംചെയ്തതോടെ താന്‍ തഴയപ്പെടുന്നുവെന്ന് സിമിക്ക് തോന്നിത്തുടങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ തന്നെക്കാള്‍ വളരെ ജൂനിയറായ ദീപ്തിമേരി വര്‍ഗീസ് കയറിപ്പറ്റുകയും, അതേ പോലെ മറ്റൊരു ജൂനിയറായ ജെബി മേത്തര്‍ക്ക് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജ്യസഭാഅംഗത്വവും നല്‍കിയതാണ് സിമി റോസ്ബെല്‍ ജോണിനെ ചൊടിപ്പിച്ചത്.
എന്നാല്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായ വിഡി സതീശനെതിരെ പരസ്യപ്രസ്താവന നടത്തുകയും ആക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്ത സിമി റോസ്ബെല്‍ ജോണിനെ പാര്‍ട്ടിയില്‍ നിന്നും വേഗം പുറത്താക്കേണ്ടത് തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസില്‍ നേതാക്കളുടെ ഇഷ്ടക്കാരായ സ്ത്രീകള്‍ക്ക് മാത്രമേ സ്ഥാനമാനങ്ങള്‍ ലഭിക്കുകയുള്ളുവെന്ന സിമി റോസ്ബെല്‍ ജോണിന്റെ വെളിപ്പെടുത്തല്‍ വനിതാനേതാക്കളെ അടക്കം പ്രകോപിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതാ നേതാക്കളെ അപമാനിക്കും വിധമാണ് സിമി റോസ്ബെല്‍ ജോണ്‍ പ്രസ്താവന നടത്തിയതെന്ന് നിരവധി വനിതാ നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ പരാതിപ്പെടുകയും ചെയ്തു. കോണ്‍ഗ്രസില്‍ ഭാരവാഹിത്വം ലഭിച്ച വനിതാ നേതാക്കളെല്ലാം ഇത്തരത്തിലാണ് നേതാക്കളായതെന്ന ധ്വനി സിമിയുടെ വാക്കുകളിലുണ്ടെന്നും ഇത് കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാനേതാക്കളടക്കമുള്ളവര് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തിരുമാനിച്ചത്.
എന്നാല്‍ വിഡി സതീശനെ എതിര്‍ക്കുന്ന വലിയ വിഭാഗം നേതാക്കള്‍ സി്മി റോസ്ബെല്‍ ജോണിന്റെ പുറത്താക്കലിന് എതിരാണ്. എന്നാല്‍ പരസ്യമായി ഇവരെ അനുകൂലിക്കാനുള്ള വൈമനസ്യം കാരണം അവരെല്ലാം നിശബ്ദത പാലിക്കുകയാണ്. പ്രതിപക്ഷ നേതാവിന് താല്പര്യമുള്ളവര് മാത്രം പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നത് അംഗീകരിക്കാന്‍ പറ്റില്ലന്ന് ഇവര്‍ പറയുന്നു. പുതിയൊരു ഗ്രൂപ്പുണ്ടാക്കാന്‍ വിഡി സതീശന് ശ്രമിക്കുകയാണ്എന്ന പരാതി സീനിയര്‍ നേതാക്കള്‍ക്കെല്ലാമുണ്ട്. ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും വിഡി സതീശന്റെ ഈ നീക്കത്തില്‍ അസംതൃപ്തനാണ്. എന്നാല്‍ കേരളക്കാര്യത്തില്‍ ഇടപെട്ട് അഭിപ്രായം പറയുന്നതില്‍ അദ്ദേഹത്തിന് പരിമിതിയുമുണ്ട്. സിമി റോസ്ബെല്ജോണിനെ പിന്തുടര്ന്ന് ഏതെങ്കിലം വനിതാ നേതാക്കള്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവനകളുമായി വരുമോ എന്ന ഭയം നേതൃത്വത്തിന് നന്നായുണ്ട്. അങ്ങിനെ വരാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് ആരോപണം ഉന്നയിച്ചതിന്റെ പിറ്റേദിവസം തന്നെ സിമി റോസ്ബെല്‍ ജോണിനെ പുറത്താക്കിയതും. എന്നാൽ കോണ്‍ഗ്രസില്‍ പുകയുന്ന അസംതൃപ്തിയുടെ അഗ്നിപര്‍വ്വതങ്ങള്‍ ഇതുകൊണ്ടൊങ്ങും ശമിക്കില്ലന്ന സൂചനയാണ് ആ പാര്‍ട്ടിക്കുള്ളില്‍ നിന്നും ലഭിക്കുന്നത്.