ജയ്പൂർ : ബിഹാറിന് പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനിലും ജാതി സെൻസസ് നടത്താൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ഗെഹ്ലോട്ട് സർക്കാർ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികൾ നടത്തുകയും ചെയ്യുന്നതിനാണ് ജാതി സെൻസസ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ ശേഖരിക്കും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതോടെ ജാതി സെൻസസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാൻ. ബിഹാറിൽ നിതീഷ് കുമാർ സർക്കാർ പുറത്തുവിട്ട കണക്കുകൾക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അതേസമയം ജാതി സെൻസസിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. ബിഹാർ സർക്കാറിനെയോ മറ്റേതെങ്കിലും സർക്കാറുകളെയോ തടയാൻ സുപ്രീംകോടതിക്കാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോൾ ആദ്യം മുന്നോട്ടു വെച്ച പ്രഖ്യാപനം മുന്നണി അധികാരത്തിൽ വരുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്തും എന്നായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നിലവിൽ ഗെഹ്ലോട്ട് സർക്കാരിന് സെൻസസ് പൂർത്തിയാക്കാൻ സാധിക്കില്ല. വരുന്ന സര്‍ക്കാരിനായിരിക്കും ജാതി സെന്‍സസ് പൂര്‍ത്തിയാക്കാനും വിവരങ്ങള്‍ പുറത്തുവിടാനും കഴിയുക.