ഇംഫാല്‍ : മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ എംഎല്‍എയുടെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയും ഒന്നരക്കോടി രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നതായി പരാതി. ജെഡിയു എംഎല്‍എ കെ ജോയ് കിഷന് സിങ്ങിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. പതിനാറാം തീയതി വീട് അക്രമിച്ച ആള്‍ക്കുട്ടം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചെന്നാണ് എംഎല്‍എയുടെ അമ്മയുടെ പരാതി.
പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇംഫാല്‍ പൊലീസ് പറഞ്ഞു. ജനക്കൂട്ടം വീട് ആക്രമിച്ചപ്പോല്‍ എംഎല്‍എ സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുവിന്റെ ചികിത്സാര്‍ഥം ഡല്‍ഹിയിലായിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങളും മറ്റ് സാമഗ്രികളും സൂക്ഷിച്ചതും എംഎല്‍എയുടെ വീട്ടിലായിരുന്നു.
എംഎല്‍എയുടെ വീട് തകര്‍ക്കരുതെന്ന് ജനക്കൂട്ടത്തോട് അപേക്ഷിച്ചെങ്കിലും അവര്‍ കേട്ടില്ലെന്ന് വീടിന് സമീപത്തെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ പറയുന്നു. ‘ഞങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങളെല്ലാം സൂക്ഷിച്ചത് അവിടെയായിരുന്നു. കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും, വസ്ത്രങ്ങളുമെല്ലാം അവര്‍ കൊള്ളയടിച്ചു, ഞങ്ങളുടെ വീട് കൊള്ളയടിച്ചതിന് സമാനമായ രീതിയില്‍’- ക്യാംപിന് മേല്‍നോട്ടം വഹിക്കുന്ന സന്നദ്ധ പ്രവര്ത്തകന് പറഞ്ഞു. ലോക്കറുകള്‍, ഇലക്ട്രോണിക്സ് സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടു, ജനക്കൂട്ടം മൂന്ന് എയര്‍കണ്ടീഷണറുകള്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏഴ് ഗ്യാസ് സിലിണ്ടറുകളും ആള്‍ക്കൂട്ടം കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയ വംശീയ ആക്രമണത്തെ തുടര്‍ന്ന് 220ലേറെ പേര് മരിക്കുകയും ആയിക്കരണക്കിന് വീടുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന് കുറച്ചുകാലം അയവുവന്നെങ്കിലും ഈ മാസം പതിനൊന്നൊടെ വീണ്ടും സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.