തിരുവനന്തപുരം : കേരളത്തിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി).
അന്വേഷിക്കുന്ന കേസുകളുടെ എണ്ണം വർധിച്ചതിനാൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലാണെന്ന് ഇഡി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ എത്തിക്കുന്ന കാര്യം ഇഡി ഗൗരവമായി പരിഗണിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്, ലൈഫ് മിഷൻ കേസ്, സ്വർണക്കടത്ത് കേസ് ഉൾപ്പെടെ ധാരാളം കേസുകൾ അന്വേഷിക്കുന്നതിനാൽ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും വിവിധ റാങ്കുകളിലുള്ള കുടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് നിയമിക്കണമെന്നും കാട്ടി കൊച്ചിയിലെ ഇഡി അഡീഷണൽ ഡയറക്ടർ ഡൽഹിയിലെ ഇഡി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന എതിർപ്പുകളുടെ പശ്ചാത്തലത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയയ്ക്കണമെന്ന ആവശ്യം ഇഡി ഡയറക്ടറേറ്റ് ഗൗരവമായി പരിഗണിക്കുന്നത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം പുരോഗമിക്കവെ പോലീസിനെ ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിരുന്നു.
ഇഡിയുടെ അന്വേഷണത്തിനും സുരക്ഷയ്ക്കും കൂടുതൽ സായുധരായ കേന്ദ്രസേന ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.