തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചിയിലെ നടിയുടെ പരാതിയിലാണു നടപടി. ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു.കൊച്ചി സ്വദേശിയായ നടിയുടെ 7 പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്.
സിനിമാമേഖലയിലെ പരാതികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ പ്രത്യേക അന്വേഷണസംഘം തീരുമാമെടുത്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യുന്നത് വിശ്വസനീയത ഉറപ്പുവരുത്തിയതിനു ശേഷമായിരിക്കും. നടൻ സിദ്ദിഖിനെതിരായ പീഡനപരാതിയിൽ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും.മുകേഷടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആറും ഉടനുണ്ടാകും. അതിനിടെ, സംവിധായകൻ രഞ്ജിത്തിനെതിരെ പീഡനപരാതിയുമായി യുവാവ് രംഗത്തെത്തിയിട്ടുണ്ട്. യുവതിരക്കഥാകൃത്തിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി വി.കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.