തിരുവനന്തപുരം : ഇല്ലാത്ത മാലമോഷണത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് യുവതിക്ക് ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ എഎസ്ഐ പ്രസന്നനെയും സസ്പെന്‍ഡ് ചെയ്തു. ജിഡി ചുമതലയുണ്ടായിരുന്ന പ്രസന്നന് കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എഎസ്ഐ പ്രസന്നന് അമിതാധികാര പ്രയോഗം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
ആക്ഷേപത്തില്‍ കന്റാണ്‍മെന്റ് എസിപി വിശദമായ അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഏറ്റവും മോശമായ തരത്തില്‍ പെരുമാറിയത് എഎസ്ഐ പ്രസന്നനാണെന്ന് ബിന്ദു ആരോപിച്ചിരുന്നു. ജിഡി ചാര്‍ജുണ്ടായിരുന്ന എഎസ്ഐ പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
സംഭവത്തില്‍ എസ്ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്യായമായി സ്ത്രീയെ സ്റ്റേഷനില്‍ കൊണ്ടു വരികയും, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളെല്ലാം തെറ്റിച്ച് തടങ്കലില്‍ പാര്‍പ്പിച്ച് രാത്രി മുഴുവന്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഈ വീഴ്ചകളുടെ പേരിലാണ് എസ്ഐക്കെതിരെ നടപടിയെടുത്തിട്ടുള്ളത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചു വരികയാണ്.
കൂടാതെ, മാലമോഷണക്കേസില്‍ വീണ്ടും അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മോഷണം പോയെന്ന് പറയുന്ന മാല പിന്നീട് വീട്ടില്‍ നിന്നും ലഭിച്ചതായി വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിന്ദുവിനെ പൊലീസ് വിട്ടയക്കുന്നത്. മാല എങ്ങനെയാണ് ആദ്യം കാണാതാകുന്നത് എന്നതാണ് പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. സംഭവത്തില്‍ ബിന്ദു ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ കത്ത് ഡിജിപി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.