കൊച്ചി : തീവ്ര ക്രൈസ്തവ സംഘടനയായ കാസയുടെ അക്കൗണ്ടിൽ നിന്ന് വ്യാജ ഒപ്പിട്ട് പണം പിൻവലിച്ച കേസിൽ പ്രസിഡണ്ട് കെവിൻ പീറ്ററിനും ജോയിന്റ് സെക്രട്ടറി ആന്റണി ജെൻസനുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസ സെക്രട്ടറി ജോമർ കെ. ജോസിന്റെ വ്യാജ ഒപ്പിട്ടാണ് കെവിനും ആന്റണിയും ചേർന്ന് ഒന്നര ലക്ഷം രൂപ പിന്‍വലിച്ചതെന്നും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കാസയുടെ കൊച്ചി തേവരയിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് കെവിൻ പീറ്ററിനും ആന്റണി ജെൻസനും ചേർന്ന് വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തെന്നായിരുന്നു കേസ് . കാസയുടെ ട്രഷറർ ജോമർ കെ. ജോസാണ് പരാതിക്കാരൻ. സംഘടനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിയ്ക്കണമെങ്കിൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവർ ചെക്ക് ലീഫിൽ ഒപ്പിടേണ്ടതുണ്ട്.
2021 ജനുവരി 9 മുതൽ ജൂണ്‍ 22 വരെയുള്ള തിയതികളിൽ 10 ചെക്കുകളാണ് മാറിയിട്ടുള്ളത്. 1,52,500 രൂപയുടെ ചെക്കുകള്‍. ഇത്രയും തുകയ്ക്കുള്ള ചെക്കുകളില്‍ ട്രഷറർ ജോമറിന്റെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ടൗണ്‍ സൗത്ത് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, വ്യാജരേഖ നിർമിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോമറിന്റെ പരാതിയെത്തുടർന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. പ്രതികളായ കെവിൻ പീറ്ററും ആന്റണി ജെൻസനും നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു.