ഇടുക്കി : പരുന്തുംപാറയിൽ കയ്യേറ്റഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസെടുത്തത്.ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ് കേസ്. പീരുമെട് എൽ.ആർ തഹസിൽദാരുടെ പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് ആണ് കേസ് എടുത്തത്. കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ച് നീക്കിയിരുന്നു.
ഇടുക്കിയിൽ മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്നും പീരുമേട് മഞ്ചുമല വില്ലേജുകളിൽ സർവേ നമ്പർ മാറി പട്ടയം നൽകിയിട്ടുണ്ടെന്നുമായിരുന്നു ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്ട്ട് നല്കിയിരുന്നു. സജിത്ത് ജോസഫിൻ്റെ ഉടമസ്ഥതയിൽ പരുന്തുംപാറയിലുള്ള മൂന്നേക്കർ മുപ്പത്തിയൊന്നു സെൻറ് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നും വൻകിട റിസോർട്ട് നിർമ്മിച്ചതായും കണ്ടെത്തിയിരുന്നു.
ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമാണം തുടർന്നതോടെയാണ് റിസോർട്ടിനോടനുബന്ധിച്ച് സ്ഥാപിച്ച കുരിശു പൊളിക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് തുടങ്ങിയത്. പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് വിവിധ പാർട്ടികൾ ഒന്നിച്ച് പരാതി നൽകി ഒരു വർഷം പിന്നിട്ടിട്ടും തുടർനടപടികളുണ്ടായില്ലെന്നായിരുന്നു പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ കുറ്റപ്പെടുത്തൽ. എന്നാൽ, കുടിയേറ്റക്കാർക്ക് പട്ടയം നൽകുമെന്നും കയ്യേറ്റക്കാരെ വെച്ചു പൊറുപ്പിക്കില്ലെന്നുമായിരുന്നു മന്ത്രി കെ. രാജൻ്റെ മറുപടി.
കയ്യേറ്റത്തിൽ റവന്യൂ വകുപ്പിന്റെ 15 അംഗ സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്. കയ്യേറ്റം വ്യാപകമായ പീരുമേട്, മഞ്ചുമല, വാഗമൺ വില്ലേജുകളിൽ ഡിജിറ്റൽ സർവെ നടത്തുകയാണ് ആദ്യപടി. പീരുമേട് വില്ലേജിലെ സർവെ നമ്പർ 534, മഞ്ചുമല വില്ലേജിലെ 441, വാഗമൺ വില്ലേജിലെ 724, 813, 896 സർവെ നമ്പറുകളിൽ പെട്ട സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയാണ് ലക്ഷ്യം.പട്ടയരേഖകളും പരിശോധിക്കും. പരുന്തുംപാറയിലെ കയ്യേറ്റത്തിൽ അന്വേഷണ പുരോഗതി കലക്ടർ വിലയിരുത്തണമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് റവന്യൂ മന്ത്രി കെ.രാജന്റെ നിർദേശം. നടപടികളുടെ ഭാഗമായി കയ്യേറ്റ പ്രദേശങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ഏഴ് പേർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ വി വിഗ്നേശ്വരിയും അറിയിച്ചു.