


തൃശൂര്‍ : തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തതിൽ പൊലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് കേസ്. 26 കിറ്റുകളാണ് വിതരണം ചെയ്തതായി ഇന്നലെ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് കിറ്റ് വിതരണം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. തൃശ്ശൂർ ഒളരിയിലെ ‘കാർത്തിക’ സൂപ്പർമാർക്കറ്റ് വഴിയാണ് കിറ്റുകൾ വിതരണം ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണൻ കിറ്റ് വിതരണം ചെയ്തത്ത്. ഇതറിഞ്ഞ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്തു. നേരത്തെയും 900 രൂപവിലവരുന്ന 70ലധികം കിറ്റുകള്‍ വിതരണം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെത്തിയിട്ടുള്ളത്.
സംഭവത്തെത്തുടർന്ന് സൂപ്പർമാർക്കറ്റ് പൊലീസ് താൽക്കാലികമായി അടപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ തുണികളും ഭക്ഷ്യവസ്തുക്കളും ബിജെപി വിതരണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.
ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അഴിമതി നടക്കുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും എൽഡിഎഫ് നേതാവ് വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.