കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ് ജീവനൊടുക്കിയ സംഭവത്തില്‍, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 50 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചീഫ് വിപ്പ് എന്‍ ജയരാജനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് പൊലീസ് കേസെടുത്തത്.
ചീഫ് വിപ്പിനെയും ഡിവൈഎസ്പി അനില്‍കുമാര്‍, എസ്ഐ കെ വി രാജേഷ് കുമാര്‍ എന്നിവരെ തടഞ്ഞു എന്നുകാണിച്ച് പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ തന്നെ തടഞ്ഞിട്ടില്ലെന്നാണ് സ്ഥലം എംഎല്‍എ കൂടിയായ ചീഫ് വിപ്പ് അഭിപ്രായപ്പെട്ടിരുന്നത്.
വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണവിധേയയായ ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കോളജിലെത്തി വിദ്യാര്‍ത്ഥികളുടേയും കോളജ് ജീവനക്കാരുടേയും വിശദമായ മൊഴിയെടുക്കും. ഡിവൈഎസ്പി ടി എം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റല്‍ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു.