തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെ.എസ്.ആർ.ടി.സി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്പോര്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് പാളയത്തുവെച്ചാണ് സംഭവം. കെ.എസ്.ആർ.ടി.സി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും മേയർക്ക് ഒപ്പമുണ്ടായിരുന്നു.
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു എൽ.എച്ചിനെതിരെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കാർ ബസിന് കുറുകെയിട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറും പൊലീസിന് പരാതി നൽകി. ഡ്രൈവറുടെ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.