കോഴിക്കോട് : തട്ടമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമര്‍ശത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. വനിത അവകാശ പ്രവര്‍ത്തക വി പി സുഹറ നല്കിയ പരാതിയിലാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ഐപിസി 295 എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ച ഉമര്‍ ഫൈസിക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് വി പി സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പരാതി നല്‍കിയത്. പ്രസ്താവനയിലൂടെ മുസ്ലീം മതത്തെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. സിപിഎം സംസ്ഥാന സമിതി അംഗം അനില്‍ കുമാറിന്റെ തട്ടം പ്രസ്താവനക്ക് ശേഷം സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് ഇത്തരം പരാമര്‍ശം നടത്തിയത്. ആദ്യം പരാതി നല്‍കിയിട്ടും കേസ് എടുത്തിരുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
തുടര്‍ന്ന് നല്ലളം സ്കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിലാണ് വി പി സുഹ്റ പ്രതിഷേധം അറിയിച്ചത്. പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത വി പി സുഹറ തട്ടം ഊരി പ്രതിഷേധിച്ചു. ഇത് അവിടുത്തെ പിടിഎ പ്രസിഡന്റിനെ ചൊടിപ്പിക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് സുഹ്റയെ അസഭ്യം പറഞ്ഞതായും പരാതി വന്നു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു