ആലപ്പുഴ : നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. വിഷയത്തിൽ കോടതി ഇടപെട്ട് കേസെടുക്കാൻ ഉത്തരവിട്ടിരിന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്.
ഗൺമാൻ തിരുവനന്തപുരം കല്ലൂർ കാർത്തികയിൽ അനിൽ കുമാർ, എസ്കോർട്ട് ഉദ്യോഗസ്ഥൻ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നു ഇറങ്ങി വന്നു പ്രതിഷേധക്കാരെ അസഭ്യം പറഞ്ഞു, ലാത്തി കൊണ്ടു അടിച്ചു. പൊലീസ് പിടിച്ചു മാറ്റിയ പ്രവർത്തരെയാണ് ഇരുവരും മർദ്ദിച്ചത്. മർദ്ദനത്തിൽ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റെന്നും എഫ്ഐആറിൽ പറയുന്നു.
നേരത്തെ സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം നൽകിയത്.
മർദ്ദനമേറ്റ കെഎസ്യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ ഹർജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയിൽ ഇരിക്കെ ഗൺമാൻമാർ മർദ്ദിച്ചുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
എഡി തോമസിനു പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ജുവൽ കുര്യാക്കോസിനാണ് മർദ്ദമേറ്റത്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽ, സന്ദീപ് എന്നിവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നു കാണിച്ചാണ് ഇരുവരും കോടതിയെ സമീപിച്ചത്.