ഇടുക്കി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ഇടുക്കിയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാണിച്ചതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തൊടുപുഴയില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച 200 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
പോസ്റ്റോഫില്‍ അതിക്രമിച്ച് കയറി ചെടിചെട്ടി ഉള്‍പ്പെടെ തകര്‍ത്തതിന് കണ്ടാലറിയാവുന്ന ഒന്‍പത് പേര്‍ക്കെതിരെയും കേസെടുത്തു. ഇടുക്കിയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ അസഭ്യമുദ്രാവാക്യം വിളിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശനത്തെ തുടര്‍ന്ന് ഇടത് മുന്നണി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പുറപ്പെട്ട ഗവര്‍ണര്‍ക്ക് നേരെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ഹര്‍ത്താലിനിടെയും പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇതിനിടെയാണ് എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.