പനാജി : ഗോവൻ തീരത്ത് കണ്ടെയ്നർ മർച്ചൻ്റ് കാർഗോ കപ്പലിൽ വൻ തീപിടിത്തം. ഗോവയിൽ നിന്ന് 102 നോട്ടിക്കൽ മൈൽ തെക്ക്-പടിഞ്ഞാറ് അകലെയുള്ള കപ്പലിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. മുന്ദ്രയിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ എത്രയും വേഗം കപ്പലിലിനെ കണ്ടെത്താനും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാനുമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉടൻ തന്നെ രംഗത്തെത്തി . കൂടാതെ, വ്യോമ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനവും രംഗത്തിറക്കി.
കപ്പലിൽ ഇൻ്റർനാഷണൽ മാരിടൈം ഡേഞ്ചറസ് ഗുഡ്സ് (ഐഎംഡിജി) ചരക്കുണ്ടായിരുന്നുവെന്നും കപ്പലിൻ്റെ മുൻഭാഗത്ത് സ്ഫോടനം നടന്നതായും റിപ്പോർട്ടുണ്ട്. പ്രക്ഷുബ്ധമായ കടലും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് കോസ്റ്റ് ഗാർഡ് കപ്പൽ തീപിടിച്ച കപ്പലിന് സമീപം എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പരിഭ്രാന്തിയിലായിരുന്ന ജീവനക്കാർക്ക് കോസ്റ്റ് ഗാർഡ് സുരക്ഷ ഉറപ്പാക്കി. കൂടാതെ, തീയണയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഗോവയിൽ നിന്ന് രണ്ട് ഐസിജി കപ്പലുകളും അയച്ചിട്ടുണ്ട്.