ജോഹന്നാസ്ബർഗ് : ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും തോളിലേറി മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. സൂര്യയുടെ സെഞ്ച്വറി(100) പ്രകടനത്തിനുശേഷം അഞ്ചു വിക്കറ്റ് കൊയ്ത കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് റെക്കോർഡ് വിജയം സമ്മാനിച്ചത്. 106 റൺസിനാണ് ടീം ഇന്ത്യ ആതിഥേയരെ തകർത്തത്.
202ന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയെ മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും തലപൊക്കാൻ അനുവദിക്കാതെ നിഷ്പ്രഭമാക്കിക്കളയുകയായിരുന്നു ഇന്ത്യൻ ബൗളർമാർ. മുകേഷ് കുമാറും രവീന്ദ്ര ജഡേജയും നൽകിയ തുടക്കം മുതലെടുത്ത് പ്രോട്ടിയാസ് മധ്യനിരയിലൂടെയും വാലറ്റത്തിലൂടെയും മേയുകയായിരുന്നു കുൽദീപ് യാദവ്. വെറും 2.5 ഓവർ എറിഞ്ഞ് 17 റൺസ് മാത്രം വിട്ടുനൽകി അഞ്ചു വിക്കറ്റാണ് കുൽദീപ് കൊയ്തത്.
ദക്ഷിണാഫ്രിക്കൻ നിരയിൽ ഡേവിഡ് മില്ലർ(35) മാത്രമാണ് അവസാനം വരെ പോരാടാൻ ശ്രമിച്ചത്. ക്യാപ്റ്റൻ ഐഡൻ മാർക്രാമിന്റെ 25ഉം ഡൊനോവൻ ഫെറേറയുടെ 12ഉം മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്കൻ നിരയിൽ ഒരാൾക്കുപോലും രണ്ടക്കം കടക്കാനായിട്ടില്ല.
ജന്മദിനത്തിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇരട്ടിമധുരം കൂടിയുണ്ട് കുൽദീപിന്. രവീന്ദ്ര ജഡേജയ്ക്ക് രണ്ടും മുകേഷ് കുമാറിനും അർശ്ദീപ് സിങ്ങിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
കത്തിജ്ജ്വലിച്ച് സൂര്യ; കരുത്തായി ജയ്സ്വാൾ : നേരത്തെ, സൂര്യയുടെ സെഞ്ച്വറിയുടെയും യശസ്വി ജയ്സ്വാളിന്റെ അർധസെഞ്ച്വറിയുടെയും കരുത്തിൽ 202 എന്ന വിജയലക്ഷ്യമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഉയർത്തിയത്. സൂര്യ(100) സെഞ്ച്വറിക്കു പിന്നാലെ പുറത്തായപ്പോൾ ജയ്സ്വാൾ 60 റൺസെടുത്തും ടീം ടോട്ടലിനു കരുത്തായി.
ടോസ് സ്വന്തമാക്കിയ പ്രോട്ടിയാസ് ക്യാപ്റ്റൻ ഐഡൻ മാർക്രാം ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മാർക്രാമിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആതിഥേയരുടെ തുടക്കം. മൂന്നാം ഓവറെറിഞ്ഞ കേശവ് മഹാരാജ് ശുഭ്മൻ ഗില്ലിനെയും(എട്ട്) തിലക് വർമയെയും(പൂജ്യം) കൂടാരം കയറ്റി.
എന്നാൽ, മൂന്നാം വിക്കറ്റിൽ സൂര്യയും ജയ്സ്വാളും ചേർന്ന് ഇന്ത്യയെ തകർച്ചയിലേക്കു പോകാതെ കാത്തു. ഇരുവരും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളർമാരെ ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്കും പായിച്ചു. ഒടുവിൽ 14-ാം ഓവറിൽ തബ്രീസ് ഷംസി കൂട്ടുകെട്ട് പിരിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ത്രൂ സമ്മാനിക്കുമ്പോൾ സൂര്യ-ജയ്സ്വാൾ സഖ്യം സ്കോർബോർഡിൽ 112 റൺസ് കൂട്ടിച്ചേർത്തിരുന്നു.
41 പന്ത് നേരിട്ട് 60 റൺസെടുത്താണ് ജയ്സ്വാൾ റീസ ഹെൻഡ്രിക്സിനു ക്യാച്ച് നൽകി മടങ്ങിയത്. മൂന്ന് സിക്സറും ആറ് ഫോറും ഇന്നിങ്സിനു മിഴിവേകി. നാലാം വിക്കറ്റിൽ റിങ്കു സിങ് ക്യാപ്റ്റന് പിന്തുണ നൽകി കളിച്ചെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. നാൻഡ്രെ ബർഗറിന്റെ പന്തിൽ പകരക്കാരൻ ട്രിസ്റ്റൻ സ്റ്റബ്സ് പിടിച്ച് റിങ്കു പുറത്ത്. 20-ാം ഓവറിൽ സ്കോർ ഉയർത്താനുള്ള നീക്കത്തിനിടെ മൂന്ന് ഇന്ത്യൻ ബാറ്റർമാരെ ലിസാഡ് വില്യംസ് വീഴ്ത്തി മികച്ചൊരു ഡെത്ത് ഓവർ കാഴ്ചവച്ചു. രണ്ടാം പന്തിൽ സൂര്യയെ വീഴ്ത്തിയാണു തുടങ്ങിയത്.
56 പന്ത് നേരിട്ടായിരുന്നു സൂര്യയുടെ സെഞ്ച്വറി. ഏഴ് ഫോറും എട്ട് സിക്സറും ഇന്നിങ്സിന് അകമ്പടിയേകി. പിന്നാലെ ജിതേഷ് ശർമയും(നാല്), രവീന്ദ്ര ജഡേജയെയും(നാല്) പുറത്താക്കിയ വില്യംസ് ഒൻപത് റൺസ് മാത്രമാണ് അവസാന ഓവറിൽ വിട്ടുനൽകിയത്.