സംസ്ഥാനത്തെ ആദ്യ കാർ- ടി സെൽ തെറാപ്പി കേന്ദ്രം അമൃത ആശുപത്രിയിൽ ആരംഭിച്ചു
കൊച്ചി: വിദേശത്തേക്കാൾ പത്തിലൊന്നു നിരക്കിൽ ഇന്ത്യയിൽ കാൻസർ ചികിത്സ ലഭ്യമാണെന്നും ചികിത്സയ്ക്കായി നമ്മൾ മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന സാഹചര്യം മാറിയെന്നും കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ കേരളത്തിലെ ആദ്യത്തെ കാർ-ടി സെൽ തെറാപ്പി സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, അഡ്മിനിസ്ട്രേറ്റർ ഡോ.വിദ്യാ ഝാ , ഹെൽത്ത് സയൻസസ് റിസർച്ച് ഡീൻ ഡോ.ദാമോദരൻ വാസുദേവൻ, നാനോ സയൻസസ് ഡീൻ ഡോ.ശാന്തികുമാർ നായർ, ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ.നീരജ് സിദ്ധാർത്ഥൻ, അസി.പ്രൊഫസർ ഡോ.മോനിഷ ഹരിമാധവൻ, ഇന്റർനാഷണൽ മാർക്കറ്റിങ് വിഭാഗം മേധാവി എസ്.എ രേഷ്മ, ഇമ്മ്യൂണോ ആക്ട് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ഷിരിഷ് ആര്യ എന്നിവർ സംസാരിച്ചു. കാർ ടി സെൽ സെന്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് കാർ ടി സെൽ തെറാപ്പിയെപ്പറ്റിയുള്ള സിംപോസിയവും നടത്തി. ലെ മെറീഡിയനിൽ സംഘടിപ്പിച്ച സിംപോസിയത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹെമറ്റോളജിസ്റ്റുമാർ പങ്കെടുത്തു.
ശരീരത്തിലെ പ്രതിരോധ കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്തി കാൻസറിനെതിരെ പൊരുതാൻ പ്രാപ്തമാക്കുന്ന ചികിത്സാ രീതിയാണ് കിമറിക് ആന്റിജൻ റിസപ്റ്റർ ടി-സെൽ തെറാപ്പിയെന്ന കാർ ടി-സെൽ തെറാപ്പി. രക്തത്തിലെ ടി ലിംഫോസൈറ്റ് കോശങ്ങൾക്കു കാൻസറിനെ നശിപ്പിക്കാൻ കഴിവുണ്ട്. എന്നാൽ രോഗബാധിതരുടെ ശരീരത്തിൽ ഇവ നിർജീവമായിരിക്കും. രക്തത്തിൽ നിന്ന് ടി കോശങ്ങളെ വേർതിരിച്ചെടുത്ത് പ്രത്യേക ലബോറട്ടിയിലെത്തിച്ച് കാൻസറിനോട് പൊരുതാൻ പ്രാപ്തമാക്കുന്നു. വൈറൽ വെക്ടർ ഉപയോഗിച്ച് സെല്ലുലാർ തെറാപ്പിയിലൂടെയാണ് മാറ്റം വരുത്തുന്നത്. തുടർന്ന് ഈ കോശങ്ങളെ രോഗിയുടെ ശരീരത്തിലേക്ക് രക്തത്തിലൂടെ കടത്തിവിടുന്നു. ഒന്നിലധികം തവണ രക്താർബുദം ബാധിച്ചവർക്കാണ് ഇതു പ്രധാനമായും പ്രയോജനപ്പെടുക.
ഐഐടി മുംബൈ ഇൻകുബേറ്റഡ് കമ്പനിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് കേരളത്തിൽ ആദ്യമായി അമൃത ആശുപത്രി ഈ ചികിത്സ നടത്തുന്നത്.