കേരളത്തിലെ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനും, ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപിയുമായ എംആര്‍ അജിത്ത്കുമാര്‍ രണ്ടുപ്രമുഖ ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എംആര്‍ അജിത്ത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേവലമായ രാഷ്ട്രീയാരോപണം എന്നതിനപ്പുറം ഇതിലെന്തെങ്കിലുമുണ്ടോ എന്നതാണ് കാതലായ ചോദ്യം. ആര്‍എസ്എസ് നേതാക്കളെ കണ്ടതുകൊണ്ട് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ കഴിയുമോ? ഇല്ലാ എന്നാണ് ഉത്തരം. എഡിജിപി അജിത്ത്കുമാര്‍ താന്‍ ആര്‍എസ്എസ് നേതാക്കളെക്കണ്ടകാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തെയ്യാറാകാതിരുന്നത് അതുകൊണ്ടാണ്.
എഡിജിപി അജിത്ത് കുമാര്‍ മാത്രമല്ല കേരളത്തിലെ നിരവധി ഐ എ എസ് – ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസിന്റെ ദേശീയ നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഡിജിപിയായിരുന്ന ജേക്കബ് തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഇരിങ്ങാലക്കുടയില്‍ മല്‍സരിച്ചത് ആര്‍എസ്എസിന്റെ കൂടി നിര്ദേശപ്രകാരമായിരുന്നുവെന്നോര്ക്കുക. അല്‍ഫോണ്‍സ് കണ്ണന്താനത്തിലെ പോലൊരാള്‍ കേന്ദ്രമന്ത്രിയായതും ഇതേ വഴിയിലൂടെയാണ്. കേരളത്തിലെ മാത്രമല്ല ആള് ഇന്ത്യാ സിവില്‍ സര്‍വ്വീസിലെ സീനിയര്‍ ഉദ്യോഗസ്ഥരില്‍ പലരും ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളവരാണ്. ഇവരില്‍ പലരും റിട്ടയര്‍ ചെയ്യുമ്പോള്‍ ആര്‍എസ്എസ് നേതൃത്വം നല്കുന്ന സംഘടനകളുടെ ചുമതലയിലുണ്ടാകാറുമുണ്ട്.
കേരളം പോലുള്ള സംസ്ഥാനത്തായത് കൊണ്ടാണ് ആര്‍എസ് എസ് നേതാക്കളെ ഒരു ഐപിഎസ് ഓഫീസര്‍ കാണുന്നത് വലിയ വിവാദമാകുന്നത്. കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ സിനീയര്‍ ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് നേതൃത്വം വിവിധ വിഷയങ്ങളെക്കുറിച്ച് ബ്രീഫിംഗുകള്‍ നല്കുന്ന രീതിപോലുമുണ്ട്. മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഗുജറാത്തിലുമൊക്കെ ഇത് സര്‍വ്വ സാധാരണമാണ്. ആര്‍എസ്എസ് ബിജെപിയിലേക്ക് നിയോഗിക്കുന്ന ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരാണ് പല സംസ്ഥാനങ്ങളിലും ഇത്തരം ചുമതലകള്‍ വഹിക്കുന്നത്. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പ് കേട്ടിട്ടില്ലാത്തത് കൊണ്ടാണ് ഇതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്.കേന്ദ്ര സര്‍ക്കാരില്‍ ഉയര്‍ന്ന പോസ്റ്റുകള്‍ ലഭിക്കാനായി പല സീനിയര്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും ആര്‍എസ്എസ് നേതാക്കളെക്കൊണ്ട് ശുപാര്‍ശ ചെയ്യിക്കാറുള്ളതായി ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വം ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥരെ മറ്റൊന്നും ആലോചിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പ്രധാന പോസ്റ്റുകളില്‍ നിയമിക്കുമെന്ന ആരോപണം ബിജെപി അധികാരത്തിലേറിയ കാലത്തൊക്കെയുണ്ടായിട്ടുണ്ട്.
ഒരു ഐപിഎസ് ഉദ്യോഗസ്ഥന് നിയമവിധേയമായ സംഘടനയുടെ നേതാവിനെ വ്യക്തിപരമായി കാണുന്നതില്‍ സംസ്ഥാന സര്‍്ക്കാരിന് ഇടപെടുന്നതിന് ഒരു പരിധിയുണ്ട് . ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്നാരോപിച്ച് ഏതെങ്കിലും ഒരു ഐപിഎസ്- ഐഎഎസ് ഉദ്യോസ്ഥനെതിരെ എന്തെങ്കിലും നടപടി കൈക്കൊണ്ടാല്‍ ആ വ്യക്തിക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണിലിനെയും കോടതിയെയുമൊക്കെ സമീപിക്കാം. അങ്ങിനെ വന്നാല്‍ ഒരു പക്ഷെ ഇത്തരം ഏജന്‍സികളില്‍ നിന്നും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുണ്ടായേക്കാം. ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയില്‍ പോയി തന്റെ സ്ഥാനം തിരിച്ചു വാങ്ങിക്കുകയും, സര്‍ക്കാരിനെതിരെ കോടതിയുടെ കടുത്ത വിമര്ശനമുണ്ടാവുകയുംചെയ്തിട്ട് അധികം നാളായില്ല.
അതുകൊണ്ടാണ് എഡിജിപി അജിത്ത് കുമാറിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ വളരെ ശ്രദ്ധിച്ച് മാത്രം തിരുമാനമെടുക്കുന്നത്. വ്യക്തിപരമായ സന്ദര്‍ശനങ്ങളെ, അത്തരം സന്ദര്‍ശനങ്ങള്‍ നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുമായാണെങ്കില് സര്‍ക്കാരിന് ഒരു ഉദ്യോഗസ്ഥനെയും തടയാനോ നടപടിയെടുക്കാനോ സാധിക്കില്ല. ആര്‍എസ്എസ് നേതാവിനെക്കണ്ടതുകൊണ്ട് എഡിജിപി എം ആര് അജിത്ത്് കുമാറിനെതിരെ നടപടിയെടുക്കണമെങ്കില്‍ ഇന്ത്യയിലെ നിരവധി ഐപിഎസ് ഐ എഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടി വരില്ലേയെന്നാണ് ബിജെപി നേതൃത്വം ചോദിക്കുന്നത്. കേവലം രാഷ്ട്രീയ വിവാദമെന്നതിലപ്പുറം ഈ സന്ദര്‍ശനത്തിന് മറ്റൊരു പ്രാധാന്യവുമില്ലന്നാണ് പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രഹസ്യമായി പറയുന്നത്.