മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമായിരിക്കേ പിണറായിക്കതിന് കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവര്‍ പി ശശിയെ മാറ്റണമെന്ന് അതിശക്തമായി പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ നിയമിക്കുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ്. അതുകൊണ്ട് സെക്രട്ടറിയേറ്റ് കൂടി തിരുമാനമെടുത്താലേ പി ശശിയെ ആ സ്ഥാനത്ത് നിന്നുമാറ്റാന്‍ കഴിയൂ. പിവി അന്‍വറാകട്ടെ എഡിജിപി എം ആര് അജിത്ത്് കുമാര്‍ മാത്രമല്ല തന്റെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എംആര്‍ അജിത്ത്കുമാറും പി ശശിയും ചേര്‍ന്നുള്ള ഗൂഡസംഘമാണ് ദൂരൂഹമായ ഇടപാടുകള്‍ക്ക് പിന്നിലെന്നാണ് പിവി അന്‍വര്‍ ആരോപിച്ചത്. അതുകൊണ്ട് തന്നെ എഡിജിപിക്കെതിരെ മാത്രം നടപടിയെടുത്ത് തടികഴിച്ചിലാക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല മുഖ്യമന്ത്രി.
ഒരു കാലത്ത് സിപിഎമ്മില്‍ ഒതുക്കപ്പെട്ടിരുന്ന പി ശശിയുടെ രാശി തെളിഞ്ഞത് പിണറായി വിജയന് പാര്‍ട്ടിയില്‍ ശക്തനായതോടെയാണ്. 1996-2001 കാലത്ത് ഇകെ നയനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്കെത്തുന്നത്. 1998 ല്‍ പിണറായി വിജയന് സംസ്ഥാന സെക്രട്ടറിയായതോടെ സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് ഇരുവരും ചേര്‍ന്നാണ് എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നു. വിഎസ് അച്യുതാനന്ദന്റെ ഹിറ്റ് ലിസ്റ്റില്‍ അക്കാലത്ത് പിണറായിക്കൊപ്പം പി ശശിയും കയറിപ്പിറ്റി. 2006 ല്‍ അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അധികാരത്തിന്റെ ഒരു ഇടനാഴിയിലും പി ശശിയെ കയറ്റാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. അങ്ങിനെയാണ് പിണറായി മുന്‍കൈ എടുത്ത് ശശിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയത്. എന്നാല്‍ പിന്നീട് ഗുരുതരമായ ലൈംഗികാരോപണം പി ശശിക്കെതിരെ ഉയരുകയും പാര്‍ട്ടിയില്‍ നിന്നുതന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടി വരികയും ചെയ്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വീണ്ടും ശക്തനായ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തിരിച്ചെത്തിയ ശശി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കയ്യടക്കി.ഇതോടെ സിപിഎമ്മിനകത്തു നിന്നും മുറുമുറപ്പുകള് ഉയരാന്‍ തുടങ്ങി. എന്നാല്‍ പിണറായി ശശിക്കൊപ്പമാണന്നുറപ്പായതോടെ മുറുമുറുപ്പുകള്‍ക്ക് അധികം ആയുസുണ്ടായില്ല. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലുമെല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണാധികാരം മുഴുവന്‍ കയ്യാളുന്നു എന്ന ആരോപണവും പരാതിയും വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ പൂച്ചക്കാരു മണികെട്ടും എന്നുപറയും പോലെ ആരാണ് പിശശിയെ തളക്കേണ്ടതെന്ന ചോദ്യം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി നിന്നു.
എഡിജിപി എം ആര് അജിത്ത്കുമാറിനെതിരെ നടപടിയെടുത്താല്‍ അതേ ആരോപണത്തില്‍പ്പെട്ടു കിടക്കുന്ന പി ശശിക്കെതിരെയും നടപടിവേണ്ടിവരും. ശശിയെ പുറത്താക്കാന്‍ കഴിയില്ലങ്കില്‍ അജിത്ത് കുമാറിനെ ഒന്നും ചെയ്യാനും കഴിയില്ല. ഇതാണ് ഇപ്പോൾ പിണറായി നേരിടുന്ന വലിയ പ്രശ്നം. എംആര്‍ അജിത്ത് കുമാര്‍ കേവലം ഒരു ഉദ്യോഗസ്ഥന് മാത്രമാണ്. അദ്ദേഹത്തെ മാറ്റാന്‍ മുഖ്യമന്ത്രിക്ക് ഒരു കടലാസിന്റെ ചിലവേയുള്ളു. എന്നാല്‍ പി ശശിയെ മാറ്റുക അത്ര എളുപ്പമേയല്ല. ഇത് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും നന്നായി അറിയാം. എന്നാല്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് കൊണ്ടുവന്നയാളായ ശശിയെ മുഖ്യമന്ത്രി തന്നെ തോളത്ത് നിന്നിറക്കട്ടെ എന്ന ഉദ്ദേശത്തിലാണ് അവര്‍. അതുകൊണ്ടുതന്നെയാണ് സിപിഎം നേതൃത്വം മുഖ്യമന്ത്രിക്കുമേല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതും.
ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞുകിടക്കുകയാണെന്നആരോപണം പാര്‍ട്ടിഘടകങ്ങളിലെ ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. ഇതെല്ലാം പാര്‍ട്ടി സംസ്ഥാന നേതൃത്വം പലതവണ വിലയിരുത്തുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ എന്തെങ്കിലും നടപടി കൈക്കൊള്ളുന്ന തലത്തിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അതിന് കാരണം പിണറായിയെ മറികടന്ന് ഒരു തിരുമാനമെടുക്കാന്‍ കഴിയുന്നയാരും ഇപ്പോഴും കേരളത്തിലെ സിപിഎമ്മില്‍ ഇല്ല എന്നത് കൊണ്ടുതന്നെയാണ്. എന്നാല്‍ എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് എന്ന് വിശ്വസിക്കുന്നയാളാണ് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്. ഇനി തന്റെ സമയമാണ് എന്ന് മനസിലാക്കിയത് കൊണ്ടായിരിക്കണം പി ശശിക്കെതിരെ കര്‍ശനനിലപാടുമായി അദ്ദേഹം പിണറായിയെ സമ്മര്‍ദ്ധത്തിലാക്കുന്നത്.