രാജ്കോട്ട്: അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അശ്വിൻ മടങ്ങിയതോടെ ഇന്ത്യ മൂന്നു ദിവസം പത്തുപേരിലേക്ക് ചുരുങ്ങുമോ ? അതോ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറെ എങ്കിലും ഇറക്കാനാകുമോ ? അതിനു അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ നിയമം അനുവദിക്കുന്നുണ്ടോ ? കഴിഞ്ഞ മണിക്കൂറുകളിൽ രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ചൂടേറിയ ചർച്ച ഈ വിഷയത്തെ ചൊല്ലിയാണ്.
കളിക്കാർക്ക് പരിക്കോ അസുഖമോ സംഭവിച്ചാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ ഇറക്കാന്‍ എംസിസി നിയമം അനുവദിക്കുന്നുള്ളൂ. മതിയായ കാരണങ്ങളുണ്ടായാല്‍ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ മൈതാനത്തിറക്കാനാവൂ എന്ന് വ്യക്തം. ഇങ്ങനെ വരുന്ന സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡർക്ക് പന്തെറിയാനോ ക്യാപ്റ്റനാവാനോ കഴിയില്ല. അംപയറുടെ അനുമതിയോടെ എന്നാല്‍ വിക്കറ്റ് കീപ്പറാവാം. രാജ്കോട്ട് ടെസ്റ്റിനിടെ രവിചന്ദ്രന്‍ അശ്വിന് പരിക്കോ അസുഖമോ കാരണമല്ല മത്സരത്തില്‍ നിന്ന് പിന്മാറിയത് എന്നതിനാല്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറെ ടീം ഇന്ത്യക്ക് ഇറക്കണമെങ്കില്‍ എതിർ ടീമിന്റെ ക്യാപ്റ്റായ ബെന്‍ സ്റ്റോക്സിന്റെ അനുമതി വേണം.
അതേസമയം ആർ അശ്വിന് പകരം ഏതെങ്കിലും ഒരു താരത്തെ പ്ലേയിംഗ് ഇലവനിലേക്ക് മത്സരത്തിന്റെ മധ്യേ കൊണ്ടുവരാന്‍ നിയമം അനുവദിക്കുന്നില്ല. മൈതാനത്ത് വച്ച് കണ്‍കഷന്‍ പരിക്ക് പറ്റിയാല്‍ മാത്രമേ ഒരു കളിക്കാരനെ പൂർണ പകരക്കാരനായി കളിപ്പിക്കാന്‍ സാധിക്കൂ. മറ്റ് പരിക്കുകള്‍ സംഭവിച്ചാല്‍ പോലും താരത്തിന് പകരക്കാരനെ അനുവദിക്കില്ല. കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തുന്ന പകരക്കാരന് മാത്രമേ പന്തെറിയാനും ബാറ്റ് ചെയ്യാനും എംസിസി നിയമം മൂലം സാധിക്കുകയുള്ളൂ. ഇതെല്ലാം വ്യക്തമാക്കുന്നത് രാജ്കോട്ട് ടെസ്റ്റിന്റെ അവശേഷിക്കുന്ന ദിനങ്ങളില്‍ ഇന്ത്യ ടീം 10 പേരുമായി മാത്രം കളിക്കേണ്ടിവരും എന്നാണ്.