കഴിഞ്ഞ വര്‍ഷം കേരളമെങ്ങും സിപിഎം നടത്തിയ പാലസ്തീന് ഐക്യദാര്‍ഡ്യ മഹാമഹങ്ങള്‍ക്കിടയില്‍ തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖനായൊരു സിപിഎം നേതാവ് സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പറഞ്ഞത്രെ, കയ്യിലിരിക്കുന്ന തേങ്ങ കളഞ്ഞിട്ട് തെങ്ങില്ക്കിടക്കുന്ന കരിക്ക് തോണ്ടാന്‍ പോകരുതെന്ന്. അന്ന് ആരും അത് അത്ര ഗൗരവമായി എടുത്തില്ല. പാലസ്തീന് ഐക്യദാര്‍ഡ്യവും സമസ്തയും കാന്തപുരവും എല്ലാമൊത്തുചേര്ന്ന് തങ്ങള്‍ക്ക് വോട്ടുകള്‍ ചൊരിഞ്ഞുതരുമെന്ന സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭംഗിയായി പാളി.
മുസ്ളീം വിഭാഗത്തിനോടുള്ള അതിരുകടന്ന കരുതല്‍ അവസാനം പാരയാകുമെന്ന് നിരവധി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും സിപിഎമ്മിനെ നയിക്കുന്ന കണ്ണൂര്‍ ലോബി അതൊന്നും മുഖവിലക്കെടുത്തില്ല. മുസ്ളീംലീഗ് പിളരും. കാന്തപുരവും സമസ്തയും മറ്റു മുസ്ളീം സംഘടനകളും തങ്ങള്‍ക്കൊപ്പം നില്ക്കും. 2026 ല്‍ വീണ്ടും പിണറായി മുഖ്യമന്ത്രി തുടങ്ങിയ ദിവാസ്വപനങ്ങളില്‍ അഭിരമിക്കുകയായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം. എന്നാല്‍ പാര്‍്ട്ടിയുടെ എക്കാലത്തെയും അടിത്തറയായ ഹിന്ദുമതത്തിലെ ഈഴവ- പിന്നോക്ക- ദളിത് വിഭാഗങ്ങള്‍ പതിയെ ചോര്‍ന്നുപോകുന്നത് സിപിഎം നേതൃത്വം അറിഞ്ഞില്ല. താഴെക്കിടയിലുള്ള പാര്‍ട്ടി കമ്മിറ്റികള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും. അത് അവഗണിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതിന് തങ്ങള്‍ കനത്ത വിലകൊടുക്കേണ്ടി വന്നുവെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞത് ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴായിരുന്നു. മുസ്ളീം വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കോണ്‍ഗ്രസ് യുഡിഎഫ് പക്ഷത്തേക്കൊഴുകി.ക്രൈസ്തവ വോട്ടുകള്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമായി വിഭജിച്ചുപോവുകയും ചെയ്തു. ഈഴവ വോട്ടുകള്‍ ബിജെപിയിലേക്ക് കുതിച്ചൊഴുകുകയായിരുന്നു. വടക്ക് കണ്ണൂരിലും തെക്ക് ആറ്റിങ്ങലിലും ആലപ്പുഴയിലും തൃശൂരിലും ഇതായിരുന്നു അവസ്ഥ. കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്തു ഉത്തരത്തിലുള്ളത് കിട്ടിയതുമില്ലന്ന അവസ്ഥയിലായി സിപിഎം. ബിജെപിയിലേക്ക് പോകുന്ന വോട്ടുകള്‍ ഇനി തിരിച്ച് പാര്‍ട്ടിയിലേക്കു വരില്ല എന്ന യഥാര്‍ത്ഥ്യം സിപിഎം മനസിലാക്കിക്കഴിഞ്ഞു. ഇതാണ് പാര്‍ട്ടിയെ വിഷമവൃത്തത്തിലാക്കുന്നത്.
പിണറായി വിജയന് നേതൃത്വം നല്കുന്ന സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുടെ നീക്കമായിരുന്നു ഇപ്പോള്‍ പറയപ്പെടുന്ന മുസ്ളീം പ്രീണനം. പണ്ട് പിണറായി ഈ നീക്കം നടത്തുമ്പോള്‍ അതിന് തടയിടാന്‍ തെക്കു നിന്ന് വിഎസ് അച്യുതാനന്ദന് ഉണ്ടാകുമായിരുന്നു. പലപ്പോഴും വിഎസ് കൈക്കൊണ്ട മുസ്ളീം വിരുദ്ധ നിലപാടുകള്‍ സിപിഎമ്മിനൊപ്പം ഹിന്ദുവോട്ടുകളെ ഉറപ്പിച്ച് നിര്‍ത്തിയിരുന്നു. തെക്കന്‍ മധ്യകേരളത്തിന്റെ രാഷ്ട്രീയം നന്നായി അറിയാവുന്നയാളുകൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ പിണറായിയും സംഘവും മലബാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നു. മലബാറില്‍ ഏറെക്കുറെ എല്ലാ അസംബ്ളി നിയോജകമണ്ഡലങ്ങളും മു്സ്ളീം അപ്രമാദിത്വം ഉള്ളവയാണ്.കൂടാതെ സിപിഎമ്മിന്റെ പല ശക്തി കേന്ദ്രങ്ങളും മലബാറിലാണ് താനും.
ഈഴവ- തീയ്യ സമുദായമാണ് മലബാറില്‍ സിപിഎമ്മിന്റെ ശാക്തിക അടിത്തറ. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പുവരെ അത് അങ്ങിനെ തന്നെ തുടരുകയും ചെയ്തു. എന്നാല്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദിയും ബിജെപിയും ശക്തിപ്രാപിച്ചതോടെ കേരളത്തിലെ മുസ്ളീം സമൂഹത്തിനിടയിലുണ്ടായ വലിയ ആശങ്കകളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ സിപിഎം തിരുമാനിച്ചു. ഈ രാഷ്ട്രീയ നീക്കത്തെയാണ് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ മുസ്ളീം പ്രീണനം എന്ന് വിശേഷിപ്പിക്കുന്നത്. ഈ രാഷ്ട്രീയ നീക്കം മറ്റു സമുദായങ്ങളെ തങ്ങള്ക്കെതിരാക്കുമെന്ന് സിപിഎമ്മിന് അറിയാമായിരുന്നെങ്കിലും ഏത് അവസ്ഥയിലും പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന സിപിഎമ്മിന്റെ വിശ്വാസമാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. ഇനി തങ്ങള്‍ക്കായി പരമ്പരാഗതവോട്ടുകളില്ലെന്ന് സിപിഎം തിരിച്ചറിയുകയാണ്.
ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെടുമ്പോള്‍, അതിനെ തിരിച്ചുപിടിക്കാന്‍ ഇനി മാര്‍ഗങ്ങളൊന്നും ഇല്ലായെന്ന് മനസിലാക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ പ്രതിസന്ധിയിയുടെ നടുവില്‍ ആണ് സിപിഎം ഇപ്പോള്‍. വേറെ ഒരു വിഭാഗത്തിന്റെ വോട്ടും ഇത്ര കട്ടക്ക് തങ്ങള്‍ക്കൊപ്പം ഉറച്ച് നില്‍ക്കില്ലന്ന് സിപിഎമ്മിനറിയാം. ഉറച്ച ്നിന്നത് കൈവിടുമ്പോള്‍ ഉണ്ടാകുന്ന ആഘാതം ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും. പാലസ്തീന് ഐക്യദാര്‍ഡ്യവും സമസ്ത പ്രേമവും ഒക്കെ ഇത്രക്ക് വേണമായിരുന്നോ എന്ന ചോദ്യം സിപിഎമ്മിന്റെ അകത്തളങ്ങളില്‍ നിന്നുയരുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാം പോയ ബുദ്ധി ആനപിടിച്ചാല്‍ കിട്ടില്ലല്ലോ.