തമിഴ്നാട്ടിൽ ബിജെപിക്കുള്ളത് ദീര്‍ഘകാല പദ്ധതിയാണ്. അതാകട്ടെ കേരളത്തേതില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. 88 ശതമാനം ഹിന്ദുക്കളുളള, ഭാവിയില്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെ കൃത്യമായി നടപ്പാക്കി വിജയിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരു സംസ്ഥാനമാണ് തമിഴ്നാട് എന്ന് ബിജെപിക്ക് ബോധ്യമുണ്ട്. എന്നാല്‍ കര്‍ണ്ണാടകയോ ആന്ധ്രാപ്രദേശോ എന്തിന് കേരളമോ പോലെ ആര് എസ് എസിന് സ്വാധീനം ചെലുത്താന്‍ വലിയതോതില്‍ കഴിയാത്ത ഒരു സംസ്ഥാനം കൂടിയാണ് ഇതെന്നും സംഘപരിവാര്‍ നേതൃത്വത്തിനറിയാം. വളരെ പതുക്കെ, സമയമെടുത്താണ് ബിജെപിയുടെ തമിഴ്നാട്ടിലെ ഓരോ നീക്കങ്ങളും. തമിഴ് മണ്ണിൽ താമര വിരിയിക്കാന്‍ ഏറ്റവും അനുയോജ്യനെന്നും പ്രാപ്തനെന്നും സംഘപരിവാര്‍ കരുതുന്നത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈയുടെ നേതൃത്വമാണ്. തമിഴ്നാട് ബിജെപി അധ്യക്ഷനായ അണ്ണാമലൈ രണ്ടു ദ്രാവിഡകക്ഷികളെയും വെല്ലുവിളിച്ചാണ് മുന്നോട്ടുപോകുന്നത്.
രണ്ട് പ്രബല ദ്രാവിഡകക്ഷികളില് ഏതെങ്കിലും ഒന്ന് തകര്‍ന്നാല്‍ മാത്രമേ ബിജെപിക്ക് തമിഴ്നാട്ടില്‍ കാലുറപ്പിച്ച് നില്ക്കാന് പറ്റൂ. ഈ യഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ടു തന്നെയാണ് എഐഎഡിഎംകെയെ ബിജെപി കൈകാര്യം ചെയ്യുന്നത്. ബിജെപിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടിയാണ് ആ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നുവെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചത്. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ ഏതാണ്ട് പൂര്‍ണ്ണമായും ബിജെപിയുടെ കയ്യിലൊതുങ്ങിക്കഴിഞ്ഞിരുന്നു. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ ഒ പനീര്‍സെല്‍വത്തിനും എടപ്പാടി പളനിസ്വാമിക്കും ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് പോകേണ്ടിവരുമായിരുന്നു.
അടിത്തറ തകര്‍ന്നുകൊണ്ടിരിക്കുന്ന അണ്ണാഡിഎംകെയെ പാര്‍ട്ട് പാര്‍ട്ടായി വിഴുങ്ങാനാണ് ബിജെപി ശ്രമിക്കുന്നത്. അവരുടെ ശക്തികേന്ദ്രങ്ങള്‍ എന്ന് വിളിക്കുന്ന ഇടങ്ങളാണ് കൊങ്ങുനാട് എന്നറിയപ്പെടുന്ന സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ഈറോഡ്, കൃഷ്ണഗിരി, നാമക്കല്‍, കരൂര്‍, ഡിണ്ടിഗല്‍, ധര്‍മ്മപുരി എന്നീ പ്രദേശങ്ങള്‍. ഇവയാകട്ടെ തമിഴ്നാടിന്റെ ഏകദേശം മൂന്നിലൊന്നു വരും. ഇവിടുത്തെ പ്രബല സമുദായമായ കൊങ്ങുനാടു ഗൗണ്ടര്‍മാരാണ് പണം കൊണ്ടും ആള്‍ബലം കൊണ്ടും അണ്ണാഡിഎംകെയെ നിലനിര്‍ത്തുന്നത്. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഈ വിഭാഗത്തില്‍പ്പെട്ടയാളാണ്. അതേ വിഭാഗത്തില്‍ പെടുന്നയാളാണ് അണ്ണാമലയും. തമിഴ്നാട്ടിലെ ഏറ്റവും ശക്തമായ ഒബിസി വിഭാഗമാണ് കൊങ്ങുനാടു ഗൗണ്ടര്‍മാർ. ബാങ്കിംഗ് മുതല്‍ തുണി വ്യവസായം വരെ നിയന്ത്രിക്കുന്നവര്‍. ബിജെപി പടര്‍ന്ന് കയറാന്‍ ആഗ്രഹിക്കുന്നത് അവരിലേക്കാണ്. തെക്കന്‍ തമിഴ്നാട്ടിലെ ഏറ്റവും പ്രബലമായ വിഭാഗമായ നാടാര്‍ സമുദായമാവട്ടെ ഡിഎംകെക്ക് ഒപ്പവും. അതോടൊപ്പം അവരിലെ ഒരു വിഭാഗം ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നുമുണ്ട്.
ശക്തമായ ദ്രാവിഡ വംശബോധമാണ് തമിഴ് രാഷ്ട്രീയത്തെ നയിക്കുന്നത്. അതിന്മേൽ ഹിന്ദുത്വയെ പ്രതിഷ്ഠിക്കുക അത്ര എളുപ്പമല്ലന്ന് ബിജെപിക്കും ആര്‍എസ്എസിനും നന്നായി അറിയാം. എന്നാല്‍ കാല് നൂറ്റാണ്ടിനപ്പുറമുള്ള രാഷ്ട്രീയത്തെയാണ് ബിജെപി എപ്പോഴും മുന്നില്‍ കാണുന്നത് എന്നത് കൊണ്ട് തമിഴ്നാടിന് വേണ്ടിയും അവര്‍ തയ്യാറാക്കുന്നത് ദീര്‍ഘകാല പദ്ധതിയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഡിഎംകെ നേതൃത്വം നല്കുന്ന മുന്നണിക്ക് മുന്നില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ബിജെപിക്കോ അണ്ണാമലക്കോ കഴിയില്ല. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാമലൈ തമിഴ്നാട്ടില്‍ ഉടനീളം നടത്തിയ പദയാത്രയായ എന്‍ മണ്ണ്, എന്‍ മക്കളിന്‍ (എന്റെ മണ്ണ് എന്റെ ജനങ്ങള്‍) വലിയ ജനപിന്തുണ ലഭിച്ചിരുന്നു എന്നത് വസ്തുതയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം 3.66 ശതമാനം വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് കിട്ടിയത്. എന്നാല്‍ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതാണ്ട് 20 ശതമാനം വോട്ടും നാല് നിയമസഭാസീറ്റും ബിജെപി നേടി. കോയമ്പത്തൂര്‍, മോദക്കുറിച്ചി, നാഗര്‍കോവില്‍, തിരുനെല്‍വേലി എന്നീ സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ആര്വാക്കുറിച്ചി സീറ്റില്‍ അണ്ണാമലൈ പരാജയപ്പെട്ടുവെങ്കിലും ആകെ വോട്ടിന്റെ 38 ശതമാനം അദ്ദേഹം നേടിയിരുന്നു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 4 മുതൽ 6 സീറ്റ് വരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ എംകെ സ്റ്റാലിന് ഇപ്പോള്‍ തമിഴ്നാട്ടില്‍ മറ്റൊരു കരുണാനിധിയാണ്. ഡിഎംകെയെ കവച്ചു വച്ചു കൊണ്ടൊരു രാഷ്ട്രീയവും ഇപ്പോള്‍ തമിഴ്നാട്ടില്‍ സാധ്യമല്ല. എന്നാല്‍ അതിനെ നേരിടാനും ബിജെപിക്ക് ശക്തമായ ഒരായുധം ഉണ്ട്. അതാണ് ഇഡി അടക്കമുളള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ അകത്താക്കിയതിലൂടെ മോദി- ഷാ സഖ്യം സ്റ്റാലിന് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദ്രാവിഡ രാഷ്ട്രീയത്തില്‍ തന്നെ വെട്ടാന്‍ ബിജെപിക്ക് അത്ര എളുപ്പമല്ലന്ന ആത്മവിശ്വാസം സ്റ്റാലിന് നന്നായുണ്ട്. അതോടൊപ്പം 99ലെ വാജ്പേയി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ കാരണം അന്ന് ഡിഎംകെ നല്കിയ പിന്തുണകൊണ്ടായിരുന്നു എന്നൊരു വസ്തുതയുമുണ്ട്. അതു കൊണ്ട് തന്നെ എല്ലാ വാതിലുകളും അടക്കാതിരിക്കാന്‍ സ്റ്റാലിനും ശ്രദ്ധിക്കുന്നുണ്ട്.