തിരുവനന്തപുരം: രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിൽ പരസ്യപ്രചാരണം നാളെ വൈകിട്ട് ആറിന് അവസാനിക്കും. രണ്ടു മാസത്തോളം നീണ്ട പ്രചാരണത്തിനുശേഷം വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. 2.76 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലത്തിലായി 194 സ്ഥാനാർഥികളുണ്ട്. രണ്ടാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്ന കേരളം വിധിയറിയാൻ ജൂൺ നാലുവരെ കാത്തിരിക്കണം.
പരസ്യ പ്രചാരണത്തിന് നാളെ വൈകിട്ട് കൊടിയിറങ്ങാനിരിക്കെ,സമുദായ വോട്ടുകൾ പെട്ടിയിലാക്കാനുള്ള തത്രപ്പാടിലാണ് മൂന്നു മുന്നണികളും. അതിനിടെ പിന്തുണ ആർക്കെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് മതസംഘടനകൾ രംഗത്തെത്തി.യാക്കോബായ സഭ എൽ.ഡി.എഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, അവരുമായി പള്ളിത്തർക്കമുള്ള ഓർത്തഡോക്സ് സഭയുടെ നിലപാട് സമദൂരം തുടരുമെന്നാണ്.ഫലത്തിൽ അത് യു.ഡി.എഫിനുള്ള പിന്തുണയെന്ന് വ്യാഖ്യാനമുണ്ടായി. സഹായിച്ചവരെ തിരിച്ചും സഹായിക്കുമെന്നും തങ്ങളുടെ അസ്തിത്വം നിലനിറുത്താൻ സഹായിക്കുമെന്ന് ഉറപ്പ് നൽകിയ മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നുമാണ് യാക്കോബായ
മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് വെളിപ്പെടുത്തിയത്.എന്നാൽ,മണിപ്പൂരിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരേ നടന്ന ആക്രമണങ്ങൾ ഓർമ്മപ്പെടുത്തുന്ന ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ ലക്ഷ്യമിടുന്നത് ബി.ജെ.പിയെയാണ്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തങ്ങളുടെ അക്കൗണ്ടുകളും വിദേശ സംഭാവനകളും മരവിപ്പിച്ചത് കേന്ദ്ര സർക്കാരാണെന്ന് ആരോപിക്കുന്ന ലത്തീൻ അതിരൂപത ബിഷപ് തോമസ് ജെ.നെറ്റോ,കേരളപൊലീസിന്റെ റിപ്പോർട്ടാവാം കാരണമെന്നും കുറ്റപ്പെടുത്തുന്നു.പിന്തുണ യു.ഡി.എഫിനെന്ന് വ്യക്തം. പത്തനംതിട്ടയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭ അനിൽ ആന്റണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
സമസ്തയിൽ ഭിന്നത
എൽ.ഡി.എഫിനാണോ, യു.ഡി.എഫിനാണോ പിന്തുണ നൽകേണ്ടതെന്ന കാര്യത്തിൽ സമസ്തയിലെ ചേരി തിരിവും പ്രകടം. മുസ്ലിം ലീഗ്നേതൃത്വത്തിന്റ നിലപാടുകളെ രൂക്ഷമായി കടന്നാക്രമിച്ച് രംഗത്തെത്തിയ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകളിൽ എൽ.ഡി.എഫിനുള്ള ഉറച്ച പിന്തുണ പ്രകടം.എന്നാൽ,സമസ്തയുടെ നിലപാട് വ്യക്തമാക്കേണ്ടത് പ്രസിഡന്റ് ജെഫ്രി മുത്തുക്കോയ തങ്ങളാണെന്ന് പറഞ്ഞ് എസ്.വൈ.എസ് ഓർഗനൈസിംഗ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. പരസ്യ പ്രതികരണത്തിന് മുതിർന്നില്ലെങ്കിലും,സമസ്തയിലെ ഭിന്നത തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് നേതൃത്വം.