തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വാങ്ങാനുള്ള മന്ത്രിസഭാ തീരുമാനം ധനവകുപ്പ് താൽപര്യം മറികടന്ന്. കാബിനറ്റ് നോട്ടിൽ വിജിഎഫ് വാങ്ങേണ്ടതില്ലെന്നായിരുന്നു ധനവകുപ്പ് നിലപാട്. ഉയർന്ന തിരിച്ചടവിൽ വിജിഎഫ് കൈപ്പറ്റേണ്ടതില്ല. ആവശ്യമെങ്കിൽ നബാർഡിൽ നിന്ന് വായ്പ എടുക്കാമെന്നായിരുന്നു ധനവകുപ്പ് നിലപാട്.
നബാർഡിൽ നിന്ന് വായ്പ എടുത്താൽ 1582 കോടി തിരിച്ചടച്ചാൽ മതിയാവുമെന്ന റിപ്പോർട്ടും ധനവകുപ്പ് സമർപ്പിച്ചിരുന്നു. 817 കോടിയാണ് വിഴിഞ്ഞം തുറമുഖത്തിനായി വിജിഎഫായി ലഭിക്കേണ്ടത്. പക്ഷേ ഇത് വരുമാനം പങ്കിടൽ വ്യവസ്ഥ പ്രകാരം സ്വീകരിക്കുമ്പോൾ തിരിച്ചടവ് 8000 കോടിയിലേറെ വരും.
തിരിച്ചടവ് കാലാവധി പൂർത്തിയാവുമ്പോഴേക്കും ഇത് ഏകദേശം 10,000 കോടിയാകുമെന്നും ഈ ഉയർന്ന രീതിയിലുള്ള തിരിച്ചടവ് പ്രകാരം ആ ഫണ്ട് സ്വീകരിക്കേണ്ടതില്ലെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനവകുപ്പ് മറ്റ് മാർഗങ്ങൾ നിർദേശിച്ചത്.
നബാർഡിൽ നിന്ന് വായ്പയെടുക്കുക എന്നതാണ് അതിലൊന്ന്. നബാർഡിൽനിന്ന് 817 കോടി വായ്പയെടുത്താൽ എത്ര രൂപ തിരിച്ചടയ്ക്കണം എന്ന റിപ്പോർട്ട് വാങ്ങുകയും അത് ക്യാബിനറ്റ് നോട്ടിന്റെ ഭാഗമാക്കുകയും ചെയ്തിരുന്നു. അതുപ്രകാരം 20 വർഷം കൊണ്ട് 8.4 ശതമാനം പലിശ നിരക്കിൽ തിരിച്ചടച്ചാലും 1582 കോടി മാത്രമേ ആവുകയുള്ളൂ.
മാത്രമല്ല, ക്യാപക്സ് പദ്ധതി പ്രകാരം 750 കോടിയിലേറെ രൂപ മൂലധന നിക്ഷേപത്തിനായി ലഭിച്ചതും വിഴിഞ്ഞം പദ്ധതിക്കായി കൈമാറിയിട്ടുണ്ട്. അതിനാൽ തന്നെ ഇനി അധികം തുക വേണ്ടിവരില്ലെന്ന വിലയിരുത്തലും ധനവകുപ്പിനുണ്ടായിരുന്നു. എന്നാൽ ചില രാഷ്ട്രീയ കാരണങ്ങൾ മുൻനിർത്തിയാണ് വിജിഎഫ് തന്നെ വാങ്ങാനുള്ള സർക്കാർ തീരുമാനം.
എന്നാൽ ക്യാബിനറ്റ് നോട്ടിൽ മറ്റുചില കാരണങ്ങൾകൂടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നബാർഡിൽനിന്ന് വായ്പയെടുത്താൽ ഈ വർഷം തന്നെ തിരിച്ചടവ് തുടങ്ങേണ്ടിവരും. മറ്റു രീതിയിൽ എടുക്കുകയാണെങ്കിൽ 35- 40 വർഷമമെന്ന കാലപരധിക്കുള്ളിൽ തിരിച്ചടവ് മതിയാകും. ആ സമയമാകുമ്പോഴേക്കും സംസ്ഥാന സർക്കാരിന് 50,000 കോടി രൂപയോളം വരുമാനമായി വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് ലഭിക്കും. അതിൽനിന്ന് 10,000 കോടി കേന്ദ്രത്തിന് കൊടുക്കുന്നത് വലിയ ബാധ്യതയല്ലെന്നാണ് സർക്കാർ വിലയിരുത്തൽ.
നബാർഡിൽ നിന്ന് വായ്പയെടുത്താൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ അടച്ചുതുടങ്ങേണ്ടിവരുന്നതിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ടും സർക്കാർ വിലയിരുത്തുന്നു. മാത്രമല്ല, കേന്ദ്ര സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് പോവേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ധനവകുപ്പ് എതിർപ്പ് മറികടന്നുള്ള സർക്കാരിന്റെ നീക്കം.