കൊച്ചി : ചിന്നക്കനാലില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനുള്ളത് റിസോര്‍ട്ട് തന്നെയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്. വീട് വയ്ക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്താണ് റിസോര്‍ട്ട് പണിതത്. ഇവിടെ ഇപ്പോഴും റൂമുകള്‍ വാടകയ്ക്ക് നല്‍കുന്നതിന്റേയും ബുക്കിങ് തുടരുന്നതിന്റേയും തെളിവുകള്‍ സി എന്‍ മോഹനന് വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
ചിന്നക്കനാലില്‍ സ്ഥിരം താമസക്കാരനാണെന്ന് കാണിച്ചാണ് കുഴല്നാടന് ഭൂമി വാങ്ങിയിരിക്കുന്നത്. വീട് വെക്കാന്‍ മാത്രം അനുവാദമുള്ള സ്ഥലത്ത് റിസോര്‍ട്ട് പണിതുവെന്ന് വ്യക്തമായതായും സി എന്‍ മോഹനന് പറഞ്ഞു.റിസോര്‍ട്ടിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അതിഥി മന്ദിരമാണെന്നാണ് കുഴല്നാടന് പറഞ്ഞത്. എറ്റേര്‍ണോ കപ്പിത്താന്‍സ് ഡേല്‍ എന്ന റിസോര്‍ട്ടില്‍ ഇത് പറയുമ്പോഴും ബുങ്ങിങ് നടക്കുകയാണ്. നികുതിവെട്ടിപ്പിനെക്കുറിച്ചും മൗനം പാലിക്കുകയാണ്. കള്ളസത്യവാങ്മൂലമാണ് മാത്യു കുഴല്‍നാടന്റേതെന്നും സി എന്‍ മോഹനന് ആരോപിച്ചു.
വെളിപ്പെടുത്തിയതിനേക്കാള്‍ 30 ഇരട്ടി സ്വത്ത് കുഴല്‍നാടനുണ്ട്. ഭൂമി വാങ്ങാനുള്ള പണം കുഴല്നാടന് എവിടെനിന്ന് ലഭിച്ചു?. വിദേശത്ത് നിന്ന് പണം സ്വീകരിക്കാനുള്ള അനുവാദം ഉണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും സി എന്‍ മോഹനന് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിയര്‍പ്പിന്റെ വില അറിയില്ല എന്നാണ് പറയുന്നത്. കേരളത്തിലെ ആളുകള്‍ക്ക് ഇത് കൃത്യമായി അറിയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നന്നായി അധ്വാനിച്ചിട്ടുണ്ട്. എന്നാല്‍ സമ്പത്ത് ആര്‍ജിക്കുന്നതിന് വേണ്ടിയായിരുന്നില്ല അധ്വാനം. ഇഎംഎസ് തന്റെ കൈവശമുള്ള ഭൂമി വിറ്റ് കിട്ടിയ പണം പാര്‍ട്ടിക്ക് നല്കി. അത് ഉപയോഗിച്ചാണ് ദേശാഭിമാനി പത്രം തുടങ്ങിയതെന്ന് സി എന്‍ മോഹനന് ഉദാഹരണമായി പറഞ്ഞു.
നാമനിര്‍ദേശപത്രികയില്‍ കുടുംബ വരുമാനമായി 96 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ 29 ഇരട്ടി തുക ഉപയോഗിച്ചാണ് സ്വത്തുക്കള്‍ വാങ്ങി കൂട്ടിയിരിക്കുന്നത്. ഏകദേശം 30 കോടിയില്‍പ്പരം രൂപയുടെ സ്വത്ത് മാത്യു കുഴല്നാടന് ഉണ്ടെന്നും സി എന്‍ മോഹനന് ആരോപിച്ചു. ഇല്ലാത്ത വരുമാന പ്രകാരം സ്വത്തുക്കള്‍ വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്നും സി എന്‍ മോഹനന് ചോദിച്ചു. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി എന്‍ മോഹനന് പറഞ്ഞു.
റിസോര്‍ട്ട് വാങ്ങാന്‍ 1.92 കോടി രൂപയാണ് കുഴനാടന് ചെലവഴിച്ചത് എന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ ആ സ്വത്തിന് ഏഴു കോടി വില വരും. ഏഴു കോടി വിലയുള്ള സ്വത്ത് മൂന്ന് കോടിക്ക് കിട്ടാന്‍ കാരണം വൈറ്റ് മണി കാരണമാണെന്നാണ് മാത്യു കുഴല്നാടന് പറയുന്നത്. അത്രയ്ക്ക് വൈറ്റ് മണിക്ക് പ്രയാസമാണോ? വരുമാനം 96 ലക്ഷമെന്നിരിക്കേ അദ്ദേഹത്തിന് ഇത്രയുമധികം വൈറ്റ് മണി എങ്ങനെ കിട്ടി. വൈറ്റ് മണിയുടെ സോഴ്സ് വെളിപ്പെടുത്തണമെന്നും സി എന്‍ മോഹനന് പറഞ്ഞു.