പാലക്കാട് : നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സി കൃഷ്ണ കുമാർ ബിജെപി സ്ഥാനാർഥി. ചേലക്കരയിൽ കെ ബാലകൃഷ്ണനും താമര ചിഹ്നത്തിൽ ജനവിധി തേടും. വയനാട് പാർലമെന്റ് മണ്ഡലം ഉപ തെരഞ്ഞെടുപ്പിൽ നവ്യ ഹരിദാസാണ് ബിജെപിക്കായി കളത്തിലിറങ്ങുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. രണ്ട് തവണ മലമ്പുഴയില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്, ശോഭ സുരേന്ദ്രന് എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥികളായി ഉയര്‍ന്നിരുന്നു. അവസാന നിമിഷം കൃഷ്ണകുമാറിനു തന്നെ നറുക്കു വീണു.
മെട്രോമാന് ഇ ശ്രീധരനായിരുന്നു 2021ല്‍ പാലക്കാട് ബിജെപിക്കായി കളത്തിലെത്തിയത്. ഷാഫി പറമ്പിലിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം.
ഇത്തവണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടു വന്ന പി സരിന് ഇടത് സ്വതന്ത്രനായി മത്സരിക്കുന്നു.
വയനാട് പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപി മത്സരിപ്പിക്കുന്ന നവ്യ ഹരിദാസ് മഹിള മോർച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ രണ്ട് തവണ കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറുമാണ് നവ്യ ഹരിദാസ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചു.
നടി ഖുശ്ബു വയനാട്ടില്‍ പ്രിയങ്കക്കെതിരെ ഇറങ്ങിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവ്യയ്ക്കും സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. എല്‍ഡിഎഫിനായി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ സത്യന് മൊകേരിയാണ് മത്സരിക്കുന്നത്. തിരുവില്വാമല പഞ്ചായത്ത് അംഗമാണ് കെ ബാലകൃഷ്ണന്.