ന്യൂഡല്‍ഹി : രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഹിമാചലില്‍ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് മൂന്ന് സ്വതന്ത്ര എംഎല്‍എല്‍മാര്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂര്‍ ബിജെപിയുടെ ഹോഷിയാര്‍ സിങിനെതിരെയാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് ഒപ്പം ഉപതെരഞ്ഞെടുപ്പ് നടന്നിരുന്ന ആറു മണ്ഡലങ്ങളില്‍ നാല് സീറ്റുകളും വിജയിച്ച കോണ്‍ഗ്രസ് കേവല ഭൂരിപക്ഷമായ 35 സീറ്റ് കടന്നിരുന്നു.
ഡെഹ്റ, ഹാമിര്‍പൂര്‍, നലാഗഡ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഹിമാചല്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.ബംഗാളിലെ മണിക്താല, രണഘട്ട് ദക്ഷിണ്,ബാഗ്ദ, റായ്ഗഞ്ച് എന്നീ 4 സീറ്റുകളിലും ഇന്ന് ഉപ തെരഞ്ഞെടുപ്പ് നടക്കും. ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗ്ലോര്‍ സീറ്റുകളിലും, തമിഴ്നാട്ടിലെ വിക്രവണ്ടി മണ്ഡലത്തിലും പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ബിഹാറിലെ റുപൗലി, മധ്യപ്രദേശിലെ അമര്‍വാര മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.