ചെലവ് ചുരുക്കലിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 300 ഓഫ്ലൈൻ ട്യൂഷൻ സെന്ററുകളിൽ 200 ഓളം സെന്ററുകൾ അടച്ചുപൂട്ടാൻ ഒരുങ്ങി എഡ്ടെക് കമ്പനിയായ ബൈജൂസ്. അടുത്ത മാസം മുതൽ ഇവ പ്രവർത്തിക്കില്ലെന്ന് ക്യാപ്ടേബിൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ കമ്പനി 50 സെന്ററുകൾ അടച്ചുപൂട്ടിയിരുന്നു. കമ്പനിയുടെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച വിഭാഗമാണ് ഇത്തരം ട്യൂഷൻ സെന്ററുകൾ.
കഴിഞ്ഞയാഴ്ച ബൈജൂസ് എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവിലെ ഓഫീസ് മാത്രം നിലനിർത്തിക്കൊണ്ട് മറ്റെല്ലാ ഓഫീസുകളും അടച്ചുപൂട്ടാനാണ് കമ്പനിയുടെ പദ്ധതി. അതേസമയം, 20,000ത്തിൽ അധികം ജീവനക്കാർക്കുള്ള ഫെബ്രുവരിയിലെ ശമ്പളത്തിന്റെ ഒരു ഭാഗം വിതരണം ചെയ്തതായി ബൈജൂസ് അറിയിച്ചു.