തിരുവനന്തപുരം : സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴു മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറുവരെ വോട്ട് രേഖപ്പെടുത്താം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ നടക്കും.
കൊല്ലം ജില്ലയില്‍ ആറും തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ നാലും വാര്‍ഡുകളില്‍ വോട്ടെടുപ്പ് നടക്കും. പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയിലും മലപ്പുറത്തും രണ്ടിടത്തും വോട്ടെടുപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓരോ വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നവയില്‍ 16 എണ്ണം എല്‍ഡിഎഫിന്റെയും 10 എണ്ണം യുഡിഎഫിന്റെയും സിറ്റിങ് വാര്‍ഡുകളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.