ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ശിവരാജ് സിങ് ചൗഹാന്, വസുന്ധര രാജെ, രമണ്‍ സിങ് എന്നീവര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരായുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളുകളെ കൊണ്ടുവരാനാണ് സാധ്യതയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അതിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ദേശീയ തലത്തില്‍ സജീവ ചര്‍ച്ച നടക്കുകയാണ്.
ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നാലരമണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമായില്ല. യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മധ്യപ്രദേശില്‍, നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പുറമെ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരയെ കൂടാതെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്ജുന് റാം മേഘ്വാള്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി, പ്രമുഖ നേതാക്കളായ ദിയാ കുമാരി, മഹന്ത് ബാലക്നാഥ് എന്നിവരുടെ പേരും പരിഗണിക്കുന്നു. ഛത്തീസ്ഗഢില്‍ രമണ്‍സിങിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ കുമാര്‍, മുന്‍ പ്രതിപക്ഷ നേതാവ് ധര്മലാല് കൗശിക്, മുന്‍ ഐഎഎസ് ഓഫീസര്‍ ഒപി ചൗധരി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു.
അതേസമയം, നിയമസഭകളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പന്ത്രണ്ട് എംപിമാര്‍ പത്ത് അംഗങ്ങള്‍ രാജിവച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്ലഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് ലോക്സഭാ അംഗങ്ങളും ഒരു രാജ്യസഭാ അംഗവുമാണ് രാജി നല്‍കിയത്. മറ്റ് രണ്ട് എംപിമാരായ രേണുക സിങ്, ബാലക്നാഥ് എന്നിവരും രാജിവയ്ക്കും.