തിരുവനന്തപുരം : സ്വകാര്യ ബസ് സമരം അനവസരത്തിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സീറ്റ് ബെല്‍റ്റ്, ബസിലെ കാമറ എന്നിവയില്‍ നിന്നും പിന്നോട്ടു പോയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ് വിഷയത്തില്‍ പഠനം നടക്കുകയാണെന്നും ഗതാഗതമന്ത്രി പറഞ്ഞു.
നാലു വര്‍ഷത്തിനിടെ സ്വകാര്യബസുകള്‍ക്ക് ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു കൊടുത്ത ഏക കാലഘട്ടം ഇതാണ്. അതിനെയൊക്കെ വിസ്മരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ കണ്സെഷന് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന കാര്യമാണ് സ്വകാര്യ ബസുകാര് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഇത് അനാവശ്യമായ കാര്യമാണെന്നൊന്നും താന്‍ പറയുന്നില്ല.
പക്ഷെ വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് ചാര്‍ജ് ഒരു സാമൂഹിക വിഷയമാണ്. ശബരിമല സീസണില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കാര്യങ്ങള്‍ നേടാമെന്നാണ് സ്വകാര്യ ബസുടമകള്‍ കരുതുന്നതെങ്കില്‍ ആ നീക്കം ശരിയല്ല. അതില്‍ ബസുടമകള്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ഗതാഗതമന്ത്രി ആവശ്യപ്പെട്ടു.
കാമറയും സീറ്റ് ബെല്‍റ്റും യഥാര്‍ത്ഥത്തില്‍ പ്രയോജനം ചെയ്യാന്‍ പോകുന്നത് വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വാഹനത്തിലെ ജീവനക്കാര്‍ക്കുമാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ഒന്നാം തീയതി മുതല്‍ ഹാജരാക്കുന്ന, കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധമാണെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.