ന്യൂഡല്‍ഹി : പഞ്ചാബിലെ ഖനൗരിയിലെ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീ കര്‍ഷകര്‍ മരിച്ചു. കനത്ത മൂടല്‍ മഞ്ഞ് കാരണമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്.
സര്‍ബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍, ജാബിര്‍ കൗര്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേരും ബതീന്ദയിലെ കോത്ത ഗുരു ഗ്രാമത്തില്‍ ഉള്ളവരാണ്. മരിച്ചവര്‍ ഭാരതീയ കിസാന്‍ യൂണിയന് പ്രവര്‍ത്തകരായിരുന്നു. ബതീന്ദ ജില്ലയില്‍ നിന്നും കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 52 പേരുണ്ടായിരുന്നു.
പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി കര്‍ഷകര്‍ ഘനൗരിയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സംഭവത്തില്‍ പഞ്ചാബ് പൊലിസ് അന്വേഷണം ആരംഭിച്ചു.