ന്യൂഡല്‍ഹി: മുദ്ര പദ്ധതി വഴി നല്കുന്ന വായ്പയുടെ പരിധി ഇരുപതു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. നേരത്തെ ഇത് 10 ലക്ഷം രൂപയായിരുന്നു.സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന. ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വായ്പ ലഭ്യമാക്കുന്ന രീതിയിലാണ് പിഎംഎംവൈ.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ബജറ്റിൽ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. സർക്കർ 100 കോടി രൂപ വരെ ഗ്യാരണ്ടി ഉല്‍പ്പാദന മേഖലയിലെ എംഎസ്എംഇകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഈ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിന് കീഴില്‍, നിര്‍മാണ മേഖലയിലെ എംഎസ്എംഇകള്‍ക്ക് ഈട് അല്ലെങ്കില്‍ മൂന്നാം കക്ഷി ഗ്യാരണ്ടി നല്‍കാതെ തന്നെ വായ്പയെടുക്കാം.എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തും. എംഎസ്എംഇ ക്ലസ്റ്ററുകളില്‍ പ്രത്യേക സിഡ്ബി ശാഖകള്‍ തുടങ്ങുമെന്നും ഈ വര്‍ഷം 24 ശാഖകള്‍ തുറക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ഒരു പുതിയ റെഗുലേറ്ററി ബോഡിക്ക് കീഴില്‍ പുതിയ കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, വ്യാപാരവും കയറ്റുമതിയുമായി ബന്ധപ്പെട്ട സേവനങ്ങളും ഒരു കുടക്കീഴില് സുഗമമാക്കുന്നതിന് ഇ-കൊമേഴ്സ് ഹബുകള്‍ സ്ഥാപിക്കും. ആഗോള സമ്പദ്വ്യവസ്ഥ നയപരമായ അനിശ്ചിതത്വത്തിന്റെ പിടിയില്‍ തുടരുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തിളങ്ങുന്നത് തുടരുന്നതായി സീതാരാമന് അവകാശപ്പെട്ടു.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ 500 മുന്‍നിര കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരം നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. നൂറു നഗരങ്ങളില്‍ നിക്ഷേപ സൗഹൃദ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കും. വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കായി ഡോര്‍മിറ്ററി മോഡല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാവും ഇതു നടപ്പാക്കുക.