ന്യൂഡല്‍ഹി: പാര്‍പ്പിട മേഖലയില്‍ വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്. പ്രധാന്‍മന്ത്രി ആവാസ് യോജന വന്‍ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങള്‍ നിര്‍മിക്കും. ഇതിനായി 10 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതിയുടെ 50 ശതമാനം പൂര്‍ത്തീകരിക്കും. ഒരു കോടി വീടുകള്‍ക്ക് കൂടി സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സാന്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.നഗരപ്രദേശങ്ങളില്‍ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യും. വികസിത നഗരങ്ങള്‍ക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലകളിലെ റോഡ് വികസനത്തിന് പ്രധാന്‍മന്ത്രി ഗ്രാമ സടക് യോജന ഫേസ് നാല് നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന റോഡുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമായി 25,000 ഗ്രാമീണ മേഖലകളില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.