ന്യൂഡൽഹി : ഡൽഹി ഐഐടിയിൽ വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർഥി അനിൽ കുമാർ (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സംഭവം. ഹോസ്റ്റൽ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ജൂണിൽ അനിൽ കുമാർ ഹോസ്റ്റൽ ഒഴിയേണ്ടതായിരുന്നു. എന്നാൽ ചില പേപ്പറുകൾ എഴുതിയെടുക്കാൻ ഉണ്ടായിരുന്നതിനാൽ ആറു മാസത്തേക്ക് ഹോസ്റ്റൽ മുറിയും മറ്റും നീട്ടികൊടുക്കുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. അനിൽ വാതിൽ തുറക്കാത്തതിൽ സംശയം തോന്നിയാണ് പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. പഠന സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡൽഹി ഐഐടിയിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ജൂലൈയിൽ ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിഭാഗത്തിലെ വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. ഇവർ ഒരേ ഡിപാർട്മെന്റിലെ വിദ്യാർഥികളാണ്. ദലിത് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.